കോഴിക്കോട് : നീണ്ട ഇടവേളയ്ക്ക് ശേഷം മദ്യശാലകൾ തുറന്നപ്പോൾ കൊയ്ത്ത് ബാറുടമകൾക്ക്. പ്രവർത്തനം ആരംഭിച്ചെങ്കിലും ഇത്തവണയും ബീവറേജ് ഔട്ട് ലെറ്റുകൾക്ക് വിൽപനയിൽ വലിയ ഇടിവുണ്ടാകുമെന്ന് ഉറപ്പായി.
ബാറുകളിലൂടെയുള്ള പാഴ്സൽ വിൽപന കഴിയാവുന്നതിലും വേഗത്തിൽ നിർത്തണമെന്ന് ബെവ്കോ ആവശ്യപ്പെട്ടു കഴിഞ്ഞു. അടച്ചിട്ടതോടെ കോടികളുടെ നഷ്ടമാണ് ബീവറേജ് കോർപറേഷന് ഉണ്ടായത്.
ഇത് നികത്താൻ ബാറുകൾ വഴിയുള്ള വിൽപന അവസാനിപ്പിക്കണമെന്നാണ് ആവശ്യം. മാത്രമല്ല കഴിഞ്ഞ തവണ ആപ്പ് വഴി കൂടുതൽ ടോക്കൺ പോയത് ബാറുകളിലേക്കായിരുന്നു.
ഇത് വലിയ നഷ്ടമാണ് ബീവറേജ് കോർപറേഷന് വരുത്തി വച്ചത്. ബാറുടമകൾ ആകട്ടെ കൂപ്പണില്ലാതെ മദ്യം വിറ്റ് കൂടുതൽ ലാഭം കൊയുകയും ചെയ്തു.
ഇന്നലെ മുതൽ മദ്യം വിൽക്കാൻ അനുമതി ലഭിച്ചതോടെ കൂടുതൽ കൗണ്ടറുകളിട്ട് ബാറുകൾ വിൽപന തുടങ്ങിയിട്ടുണ്ട്. വലിയ ക്യൂവില്ലാതെ കാര്യം നടക്കും എന്നതിനാൽ തിരക്ക് ബാറുകളിലേക്ക് മാറുന്ന സാഹചര്യമാണ് ഉള്ളത്.