സ്വന്തം ലേഖകന്‍
കോഴിക്കോട്: ടോക്കണില്‍ കുടുങ്ങി സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലെറ്റുകള് ‘പൊളിഞ്ഞപ്പോള്‍’ രണ്ട് മണിക്കൂര്‍ അധിക വില്‍പ്പനയ്ക്ക് അനുമതി നല്കി സര്‍ക്കാര്‍. ബെവ്ക്യൂ ആപ്പ് വഴിയുള്ള ടോക്കണില്ലാതെ കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളിലും ബാറുകളിലും മദ്യം യഥേഷ്ടം വില്‍ക്കുന്നുണ്ട് താനും.
ഈ സാഹചര്യത്തിലാണ് വില്‍പ്പന സമയം രാവിലെ ഒമ്പതുമുതല്‍ ഏഴുവരെയാക്കാന് തീരുമാനിച്ചത്. എന്നാല്‍ ഇത് ഉത്തരവായി ഇറങ്ങിയിട്ടില്ല. രണ്ട് മണിക്കൂര്‍ അധിക വില്‍പ്പനകൊണ്ട് ആപ്പ് വഴിയുള്ള കോട്ടം തീര്‍ക്കാന്‍ കഴിയുമോ എന്ന കാര്യമാണ് സര്‍ക്കാര്‍ നോക്കുന്നത്.
ബെവ്ക്യൂ ആപ്പിന്റെ ബുക്കിംഗ് രീതിയിലും മാറ്റം വരും. ഓണക്കാലത്ത് എല്ലാദിവസവും ബുക്കിംഗ് നടത്താനാകും. ഇപ്പോള്‍ ഒരു തവണ മദ്യം ബുക്ക് ചെയ്താല്‍ മൂന്നാമത്തെ ദിവസമേ വീണ്ടും ബുക്ക് ചെയ്യാന്‍ കഴിയൂ.
അതേസമയം തിരക്ക് ഏറിയാല്‍ ടോക്കണില്ലാതെ വില്‍പ്പന നടത്താനുള്ള സാധ്യതയും ഉണ്ട്. രണ്ട്ലക്ഷത്തില് താഴെ ടോക്കണുകളാണ് സാധാരണ ദിവസങ്ങളില്‍ ബുക്കിംഗിലൂടെ ലഭിക്കുന്നത്.
എന്നാല്‍ അതിലും എത്രയോ ഇരട്ടി മദ്യം ബാറുകളിലൂടെയും കണ്‍സ്യുമര്‍ ഫെഡ് ശാഖകളിലൂടെയും ആളുകള്‍ വാങ്ങുന്നുണ്ട്. ബവ്കോയുടെ 267 ഔട്ട്ലെറ്റുകളില് ഒരു ദിവസം ശരാശരി 22 കോടി രൂപ മുതല്‍ 32 കോടി രൂപവരെയുള്ള കച്ചവടമാണ് നടക്കുന്നതെന്നാണ് കണക്ക്.
ബാറുകളില ഇത് 40 കോടിയോളം വരും. ബുക്കിംഗിലൂടെ ലഭിക്കുന്ന ടോക്കണ്‍ അധികവും ബാറുകളിലേക്കാണ് താനും. അതായത് ഒരാള്‍ മദ്യം ബുക്ക് ചെയ്യുമ്പോള്‍ ടോക്കണ്‍ ആവശ്യമില്ലാത്ത ബാറുകളിലേക്ക് ടോക്കണ്‍ ലഭിക്കുകയും അതുവഴി ആ അവസരം ഉപയോക്താവിന് നഷ്ടമാകുകയും ചെയ്യുന്നു.
36 മദ്യഷോപ്പുകളും മൂന്ന് ബിയര്‍ പാര്‍ലറുമാണ് കണ്‍സ്യൂമര്‍ഫെഡിനുള്ളത്.അതുകൊണ്ടുതന്നെ ഇവിടെ ടോക്കണില്ലാത്ത വില്‍പ്പനയിലൂടെ പത്ത് കോടിയോളം രൂപ വരുമാനമുണ്ട്. കോഴിക്കോട് ജില്ലയിലെ സരോവരത്തെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റില് കോറോണ പടര്‍ന്നു പിടിക്കുമ്പോള്‍ പോലും രജിസ്റ്ററില്‍ പേരും നമ്പറും എഴുതുന്നത് പോലും ഒഴിവാക്കി മദ്യവില്‍പ്പന നടത്തിയിരുന്നു.
അത് ഇപ്പോഴും തുടരുന്നു. അതേ സമയം കൊറോണ രോഗികള്‍ ദിനം പ്രതി പതിനായിരം കടക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യ മന്ത്രിയുള്‍പ്പെടെ നല്‍കിയിട്ടും ഇത്തരമൊരു തീരുമാനം എടുത്തത് സര്‍ക്കാരിന് വരുമാനം വര്‍ധിപ്പിക്കാനാണെന്നും ആക്ഷേപമുണ്ട്.
ഓണാഘോഷവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.