സ്വന്തം ലേഖകന്‍
കോഴിക്കോട്: പുതുതായി സര്‍ക്കാര്‍ തുടങ്ങാനിരിക്കുന്ന മദ്യശാലകളിലും ഗോഡൗണുകളിലും ഉദ്യോഗസ്ഥരേക്കാള്‍ സര്‍ക്കാരിന് വിശ്വാസം സിസിടിവി കാമറകളെയെന്ന് ആക്ഷേപം.
സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന 17 ബെവ്കോ ഗോഡൗണുകളില്‍ ഒരു എക്സൈസ് ഉദ്യോഗസ്ഥന് മാത്രം മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
കൂടുതല്‍ മദ്യശാലകള്‍ ഉള്‍പ്പെടെ തുറക്കാന്‍ സര്‍ക്കാര്‍ തുനിയുമ്പോഴും ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് ആനുപാതികമായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന എക്സൈസ് വകുപ്പിന്റെ ആവശ്യം സര്‍ക്കാര്‍ അവഗണിക്കുകയാണ്.
ഉത്തരവിൽ പറയുന്നത്
സംസ്ഥാനത്ത് പുതിയതായി തുടങ്ങുന്ന ബെവ്കോ വെയര്‍ഹൗസുകളിലും ഡിസ്ലറികളിലും എക്സൈസ് ഉദ്യോഗസ്ഥരെ കുറയ്ക്കണമെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
മദ്യ കമ്പനികളും എക്സൈസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തടയുക എന്നതാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്നും പറയപ്പെടുന്നു.
ബെവ്കോ വെയര്‍ഹൗസുകളില്‍ സിഐ, പ്രിവന്റീവ് ഓഫീസര്‍, രണ്ട് സിവില്‍ എക്സൈസ് ഓഫീസറുമാണു നിലവിലുള്ളത്. ഇപ്പോഴുള്ള 23 ബെവ്കോ ഗോഡൗണുകളിലും എത്തുന്ന മദ്യത്തിന്റെ സാമ്പിള്‍ പരിശോധന, ഔട്ട്ലെറ്റുകളിലേക്കും ബാറുകളിലേക്കും കൊണ്ടുപോകുന്ന മദ്യത്തിന്റെ അളവിന്റെ പരിശോധന എന്നിവയെല്ലാം എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തണമെന്നാണ് ചട്ടം.
ഡിസ്ലറികളിലും സമാനമായി എക്സൈസിന്റെ നിയന്ത്രണമുണ്ട്.ഗോഡൗണില്‍ ജോലി ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ ശമ്പളം നല്‍കേണ്ടത് ബെവ്കോയാണ്.
എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് പകരം സിസിടിവി വെച്ചുള്ള പരിശോധന മതിയെന്നാണ് നികുതി സെക്രട്ടറിയുടെ ഉത്തരവ്. ബെവ്കോ എംഡിയുടെ ശിപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
വ്യാജ മദ്യം തടയുന്നതിനും, മദ്യവില്‍പ്പനയില്‍ ക്രമക്കേടുണ്ടാകാതിരിക്കാനുമാണ് ബന്ധപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയത്.
ബോധപൂർവമായ ശ്രമം
കൂടുതല്‍ വെയർഹൗസുകള്‍ ആരംഭിക്കുമ്പോള്‍ കൂടുതല്‍ തസ്തികകള്‍ തുടങ്ങണമെന്നും എക്സൈസ് കമ്മീഷണര്‍ സര്‍ക്കാരിനെ അറിയിച്ചു.
എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഗോഡൗണുകളില്‍ നിന്ന് ഒഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഉണ്ടായോ എന്ന ആക്ഷേപവും എക്സൈസ് ഉദ്യോഗസ്ഥര്‍ക്കിടിലുണ്ട്.
അതേസമയം സംസ്ഥാനത്ത് പുതിയതായി 267 മദ്യശാലകള്‍ തുറക്കാന്‍ നീക്കമെന്ന ആക്ഷേപവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.