തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിൽനിന്നു മദ്യം വാങ്ങാനെത്തുന്നവർ ആർടിപിസിആർ പരിശോധനാ ഫലമോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയതിനു പിന്നാലെ നിബന്ധനകൾ കടുപ്പിച്ച് ബെവ്കോ.
ഇന്നലെ ജില്ലയിൽ പലയിടത്തും ബിവറേജസ് ഔട്ലെറ്റുകളിൽ രേഖകളില്ലാതെ മദ്യം വാങ്ങാനെത്തിയവരെ മദ്യം നൽകാതെ തിരിച്ചയച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് മദ്യം വാങ്ങാനെത്തുന്നവർ വാക്സിൻ സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയത്.
ഇതു സംബന്ധിച്ച നോട്ടീസ് ബിവറേജസ് ഔട്ലെറ്റുകൾക്കു മുന്നിൽ പതിക്കാനും നിർദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ എല്ലാ ബിവറേജസ് ഔട്ലെറ്റുകൾക്കു മുന്നിലും പോസ്റ്റർ പതിച്ചു. ഇതിനു പിന്നാലെ രേഖകളില്ലാതെ മദ്യം വാങ്ങാനെത്തിയവരെ തിരിച്ചയയ്ക്കുകയും ചെയ്തു.
കടകൾക്കുള്ള മാർഗനിർദേശം മദ്യവിൽപ്പനക്കും ബാധകമാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ നിബന്ധന ഏർപ്പെടുത്തിയത്.