ആലങ്ങാട്: മാനേജറും ജീവനക്കാരും ചേർന്ന് മദ്യവും പണവും തിരിമറി നടത്തിയതിനെ തുടർന്ന് ആലങ്ങാട് കോട്ടപ്പുറം മദ്യശാല എക്സൈസ് സംഘം അടച്ചുപൂട്ടി.
ഇന്നലെ ഉച്ചയോടെ കോട്ടപ്പുറം ഔട്ട്ലെറ്റിലെ മൂന്നു മണിക്കൂർ പരിശോധനയ്ക്ക് ശേഷമാണ് അടച്ചുപൂട്ടിയത്. 127 ലിറ്റർ മദ്യവുമായി കോട്ടപ്പുറം സ്വദേശി ഹരികുമാറിനെ (45) തെരഞ്ഞെടുപ്പ് സ്ക്വാഡിന്റെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പാനായികുളത്ത് വച്ച് പിടികൂടിയതിനെ തുടർന്നു ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ എക്സൈസ് വകുപ്പിന് ലഭിച്ചത്.
പിടിച്ചെടുത്ത കുപ്പിയിൽ ഒന്നിൽപോലും ഹോളോഗ്രാം സ്റ്റിക്കർ ഉണ്ടയിരുന്നില്ല.തുടർന്നു നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 635 ഹണീബി കുപ്പി മദ്യം ഔട്ട് ലെറ്റിൽനിന്നും അനധികൃത വില്പന നടത്തിയതായി അധികൃതർ കണ്ടെത്തി. ഔട്ട്ലെറ്റിൽ വില്പന നടത്തിയത് ഭൂരിഭാഗം ഡ്യൂപ്ലിക്കേറ്റ് മദ്യമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
സംഭവത്തെ തുടർന്നു ഔട്ട്ലെറ്റ് മാനേജർ കൊല്ലം സ്വദേശി വാരവിള വീട്ടിൽ സന്തോഷ് ഒളിവിലാണ്. ജീവനക്കാർക്കും ഈ ഇടപാടിൽ പങ്ക് ഉണ്ടെന്നും അഞ്ച് പേരെ സസ്പൻഡ് ചെയ്യുമെന്ന് സൂചന. ഇവിടെ വില്പന നടത്തിയ ഹണീബി മദ്യം വ്യാജൻ ആണെന്നും പല വ്യാജ മദ്യവും ഇവിടെ വില്പന നടത്തുന്നുണ്ടെന്നും നാട്ടുകാർ പല തവണ പരാതിപ്പെട്ടിരുന്നു.