കൊച്ചി: എസ്സി, എസ്ടി വിഭാഗങ്ങളുടെ കോളനികള്‍ക്കു സമീപം ബിവറേജസ് ഔട്ട്ലെറ്റുകൾ സ്ഥാപിക്കുമ്പോള്‍ കോളനികളുടെ പ്രവേശന കവാടം മുതല്‍ ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം വരെയുള്ള ദൂരം കണക്കിലെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കരുനാഗപ്പള്ളി അഴീക്കല്‍ തറയില്‍ മുക്കില്‍ ബിവറേജസ് ഔട്ട്ലെറ്റിന് എക്സൈസ് വകുപ്പ് അനുമതി നല്‍കിയതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ദൂരപരിധി പാലിച്ചില്ലെന്ന് കണ്ടെത്തി അനുമതി റദ്ദാക്കുകയും ചെയ്തു. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ കോളനിക്ക് തൊട്ടടുത്ത് ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ കരുനാഗപ്പള്ളി മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.കെ. വിജയഭാനുവും ജനകീയ സമരസമിതിയുമാണ് ഹര്‍ജി നല്‍കിയത്.
കോളനിക്ക് ചുറ്റുമതിലും പ്രവേശന കവാടവും ഇല്ലാത്തതിനാല്‍ കോളനിയിലെ ആദ്യത്തെ വീട്ടില്‍ നിന്നുള്ള ദൂരം പരിഗണിച്ചാണ് ഔട്ട്ലെറ്റിന് അനുമതി നല്‍കിയതെന്നും 285 മീറ്റര്‍ അകലെയാണ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതെന്നും എക്സൈസ് വകുപ്പ് വിശദീകരിച്ചു.
ഈ വാദം തള്ളിയ ഹൈക്കോടതി, കോളനിയുടെ പ്രവേശന കവാടം മുതല്‍ ഔട്ട്ലെറ്റ് വരെയുള്ള ദൂരം കണക്കാക്കാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. 170 മീറ്റര്‍ മാത്രമാണ് ദൂരമെന്ന് കമ്മീഷന് റിപ്പോര്‍ട്ട് നല്കി. ഇതു കണക്കിലെടുത്താണ് ഔട്ട്ലെറ്റിന്റെ അനുമതി ഹൈക്കോടതി റദ്ദാക്കിയത്.