കൊച്ചി: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. മെയ് മൂന്നിന് ദേശീയ ലോക്ക്ഡൗണ്‍ അവസാനിച്ചാലും അടുത്ത ദിവസം മദ്യശാലകൾ തുറക്കുന്നിനെ കുറിച്ച് തീരുമാനം എടുത്തിട്ടില്ല.
സംസ്ഥാനത്ത് മദ്യശാലകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികളാണു ബിവറേജസ് കോർപറേഷൻ എംഡിയുടെ ഉത്തരവിൽ ഉള്ളതെന്നും ആലുവയിൽ മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം അതിഥിത്തൊഴിലാളികളുണ്ട്. ഇവർക്കുള്ള താമസ സൗകര്യം, ചികിത്സ, ഭക്ഷണം എന്നിവയെല്ലാം ഒരുക്കി നൽകിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നോണ്‍ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.
റോഡ് വഴി തൊഴിലാളികളെ കൊണ്ടുപോകുന്നത് നിലവിലെ സ്ഥിതിയിൽ പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.