കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ച വിദേശമദ്യ ചില്ലറവിൽപനശാലകളുടെയും ബാറുകളുടെയും പ്രവർത്തനം പുനരാരംഭിക്കാൻ പോകുന്നുവെന്നു അറിഞ്ഞതോടെ വയനാട്ടിലെ ആദിവാസി വനിതകളുടെ മുഖങ്ങളിൽ വാട്ടം.
ലോക്ക്ഡൗണ് പ്രഖ്യാപിച്ചതിനു പിന്നാലെ കോളനികളിലും കുടുംബങ്ങളിലും പുലർന്നിരുന്ന സമാധാനവും സന്തോഷവും മദ്യക്കടകൾ തുറക്കുന്നതോടെ ഇല്ലാതാകുമെന്ന ആകുലതയിലാണ് ആദിവാസി സ്ത്രീകൾ. പുരുഷന്മാർ വീണ്ടും മദ്യത്തിനു പിന്നാലെ പോകുന്പോൾ കോളനികളിൽ ദാരിദ്ര്യവും കലഹങ്ങളും തിരിച്ചെത്തുമെന്നു ആദിവാസി വനിതൾ ഭയക്കുന്നു.
ജില്ലയിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങൽപ്പെടുന്ന ആദിവാസി സ്ത്രീകൾ നേരിടുന്ന ഗുരുതര പ്രശ്നങ്ങളിലൊന്നാണ് പുരുഷൻമാരിലെ മദ്യാസക്തി. മുതിർന്നവർക്കും യുവാക്കൾക്കും പുറമേ മദ്യത്തിനു അടിമകളായ കൗമാര പ്രായക്കാരും ആദിവാസി കോളനികളിൽ നിരവധിയാണ്.
കൂലിപ്പണിയെടുത്തു കിട്ടുന്ന പണം അപ്പാടെ ബിവറേജസ് ഒൗട്ട്ലറ്റുകളിലും ബാറുകളിലെ ലോക്കൽ കൗണ്ടറുകളിലും ചെലവഴിക്കുന്നതാണ് ആദിവാസികളിലെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ പുരുഷൻമാരുടെ പൊതുസ്വഭാവം.
മദ്യലഹരിയിൽ കോളനികളിലെത്തുന്ന ഇവർ രാത്രി വൈകുവോളം കുടുംബാംഗങ്ങളുടെ സ്വൈരം കെടുത്തും. നിസാരകാര്യത്തിനു അയൽവാസികളുമായി ഉണ്ടാകുന്ന വഴക്കുകൾ പലപ്പോഴും അടിപിടിയിലാണ് അവസാനിക്കുന്നത്.
മദ്യലഹരിയിൽ നടന്ന സംഘട്ടനത്തിനിടെ ഗുരുതരമായി പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്ത ആദിവാസികൾ ജില്ലയിൽ ഒന്നും രണ്ടുമല്ല. മദ്യലഹരി പലപ്പോഴും ആദിവാസി യുവാക്കളെ കുട്ടികൾക്കെതിരായ അതിക്രമങ്ങളിലേക്കും നയിക്കുകയാണ്.
മദ്യം അമിതമായി കുടിച്ചും ഭക്ഷണം ആവശ്യത്തിനു കഴിക്കാതെയും ആരോഗ്യം നശിച്ചു രോഗികളായ ആദിവാസി യുവാക്കലും ജില്ലയിൽ അനേകമുണ്ട്.
ആദിവാസികളുടെ പുരോഗതി സർക്കാർ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജില്ലയിലെ ഒരു മദ്യക്കടപോലും തുറക്കാതിരിക്കുകയും വ്യാജച്ചാരായത്തിന്റെ ലഭ്യത ഇല്ലാതാക്കുകയുമാണ് വേണ്ടെതെന്നു പുൽപള്ളി താഴെക്കാപ്പ് പണിയ കോളനിയിലെ വീട്ടമ്മമാർ പറഞ്ഞു.
ആണുങ്ങളുടെ അധ്വാനക്കൂലി മുഴുവൻ പിടിച്ചുപറിക്കാൻ സാഹചര്യം ഒരുക്കിയശേഷം സൗജന്യറേഷൻ നൽകുന്നതിൽ കഥയില്ലെന്നു അവർ കുറ്റപ്പെടുത്തി.