വെള്ളരിക്കുണ്ട്(കാസർഗോഡ്): വെള്ളരിക്കുണ്ടിലെ ബിവറേജ് കോർപറേഷന്റെ മദ്യവില്പന കേന്ദ്രത്തിന് തീപിടിച്ച് കനത്ത നാശം. ഇന്നലെ രാത്രി 11.50 നാണ് സംഭവം. വഴിയാത്രക്കാരാണ് തീ ഉയരുന്നതു കണ്ടത് . ഉടൻ വാർഡ് മെംബർ ടോമി വട്ടയ്ക്കാട്ടിനെ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്യത്തിൽ തീയണയ്ക്കാൻ ശ്രമമാരംഭിച്ചു.
തൊട്ടടുത്തുനിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനിടയിൽ കെഎസ്ഇബി വൈദ്യുതി ഓഫാക്കിയതിനാൽ ശ്രമം മുടങ്ങി. മദ്യവില്പന കേന്ദ്രം കെട്ടിടം പൂർണമായും കത്തിനശിച്ചു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഒരു കോടിയോളം രൂപയുടെ വിദേശമദ്യം സ്റ്റോക്കുണ്ടായിരുന്നു.