തിരുവനന്തപുരം: “ഓണക്കുടി’ അല്പം പോലും കുറയാതിരിക്കാനുള്ള കരുതലുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടിയാണ് സർക്കാരിന്റെ പുതിയ നടപടി.
രാവിലെ ഒൻപത് മുതൽ രാത്രി എട്ടു വരെ പ്രവർത്തിപ്പിക്കാനാണ് ബെവ്കോ, കണ്‍സ്യൂമർ ഫെഡ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഓണക്കാലത്തെ തിരക്ക് ഒഴിവാക്കുന്നതിനായാണ് മദ്യശാലകളുടെ സമയം കൂട്ടുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം.
മദ്യശാലകൾക്കു മുന്പിലെ രോഗവ്യാപനം കണ്ടില്ലെന്നു വയ്ക്കാനാകില്ലെന്നും ആൾക്കൂട്ടം നിയന്ത്രിക്കാനായില്ലെങ്കിൽ ഒൗട്ട്ലെറ്റുകൾ അടച്ചിടണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ മദ്യം വാങ്ങുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് കടകളിലെ തിരക്ക് കുറഞ്ഞു തുടങ്ങിയതിനിടയിലാണ് മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടിയത്. നേരത്തെ വൈകുന്നേരം ഏഴ് മണി വരെയായിരുന്നു മദ്യശാലകൾ പ്രവർത്തിച്ചിരുന്നത്.
അതിനിടെ, സംസ്ഥാനത്ത് 128 ഒൗട്ട്ലെറ്റുകൾ കൂടുതൽ പ്രവർത്തിപ്പിക്കാൻ തുടങ്ങിയതിനെതിരേയും വിമർശനമുയർന്നിട്ടുണ്ട്. തിരക്ക് കുറയ്ക്കാനെന്ന പേരിൽ മദ്യ വിൽപ്പന കൂട്ടാനാണ് സർക്കാരിന്റെ നീക്കമെന്നാണ് ആരോപണം.