അന്പലപ്പുഴ: മാറ്റി സ്ഥാപിച്ച വിദേശമദ്യ വില്പനശാലയിൽ മണിക്കൂറുകൾക്കകം വിറ്റത് 16 ലക്ഷത്തിന്റെ മദ്യം. ആലപ്പുഴയിൽ നിന്നും പറവൂരിലേക്ക് തിങ്കളാഴ്ച രാവിലെ മാറ്റി സ്ഥാപിച്ച മദ്യവില്പനശാലയിലേക്ക് മണിക്കൂറുകൾക്കുള്ളിൽ വിവിധ സ്ഥലങ്ങളിൽ നിന്നും ആയിരങ്ങളാണ് മദ്യം വാങ്ങാനെത്തിയത്.
ആലപ്പുഴ, അന്പലപ്പുഴ, കുട്ടനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നടക്കമുള്ളവരാണ് മദ്യം വാങ്ങാനായെത്തിയത്. മദ്യവിൽപ്പനശാല പ്രവർത്തനം ആരംഭിച്ചതിനെതിരെ സമരപ്പന്തലിൽ മുദ്രാവാക്യം വിളി ഉയർന്നപ്പോൾ മറുചേരിയിൽ മദ്യപാനികളായ നൂറുകണക്കിനു പേരും സംഘടിച്ചിരുന്നു. റോഡിനിരുവശവുമായി നിന്ന് പരസ്പരം മുദ്രാവാക്യം വിളിയുമുണ്ടായി.
സമരപ്പന്തലിലേക്കു കടക്കാൻ ശ്രമിച്ച് മദ്യം വാങ്ങാനെത്തിയവരെ പോലീസ് നീക്കം ചെയ്തു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരപ്പന്തൽ കെട്ടി ശക്തമായ പ്രതിഷേധ സമരം ആരംഭിച്ചതിനെ തുടർന്ന് മദ്യവില്പനശാല താൽക്കാലികമായി അടച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.