തിരുവനന്തപുരം: മദ്യശാലകൾ ഒന്നാം തീയതി അടച്ചിടുന്നത് ഒഴിവാക്കാൻ സർക്കാരിനുമേൽ സമ്മർദവുമായി ബാറുടമകൾ. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കി ബാറുകളും ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റുകളും തുറന്നു പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഭേദഗതി മദ്യനയത്തിൽ വരുത്തണമെന്നാണ് ബാറുടമകളുടെ ആവശ്യം.
ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപു മുതൽ സർക്കാരിനുമേൽ ബാറുടമകളുടെ സമ്മർദം തുടങ്ങിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാമെന്നാണ് സർക്കാർ പ്രതിനിധികൾ ബാറുടമകളെ അറിയിച്ചതെന്നാണു സൂചന.
ഇടതുമുന്നണിയിൽ ചർച്ച ചെയ്തശേഷം നയതീരുമാനം എടുത്ത് അറിയിക്കാമെന്നാണു നിർദേശം. ഒന്നാം തീയതി മദ്യവിൽപ്പനശാലകൾ തുറക്കുന്നതിൽ ബിവറേജസ് കോർപറേഷനും എതിർപ്പുണ്ട്.
അവധിദിനമായ ഒന്നാം തീയതിയാണ് മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട കണക്കുകൾ തീർപ്പാക്കുന്നത്. മദ്യശാല തുറന്നാൽ, ഔട്ട്ലെറ്റുകളിൽനിന്നുള്ള മദ്യവില്പന അടക്കം നടക്കുന്നതിനാൽ കണക്കുകളിൽ അന്തിമതീരുമാനം എടുക്കാൻ വൈകുമെന്നാണ് ബിവറേജസ് കോർപറേഷൻ അധികൃതരുടെ നിലപാട്.
ഒന്നാംതീയതി മദ്യശാലകൾ തുറന്നാൽ മദ്യവില്പനയിലൂടെ നികുതി ഇനത്തിൽ കൂടുതൽ തുക ഖജനാവിൽ എത്തുമെന്ന വാദവുമുണ്ട്. സാന്പത്തിക പ്രതിസന്ധിയിൽപ്പെട്ട സർക്കാരിന്റെ വരുമാനവർധനയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഒന്നാം തീയതി ബാർ തുറക്കാൻ അനുവദിച്ചാലും മദ്യവില്പനയിലൂടെ ബാറുടമകൾക്ക് അധികലാഭം ഉണ്ടാകുമെന്നതു മാത്രമാണ് മിച്ചമെന്നും അഭിപ്രായമുണ്ട്.
ബാറുകളിൽ മദ്യത്തിന്റെ വൻ തോതിലുള്ള വില്പന നടക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്പോഴും ബാറുടമകളുടെ ലൈസൻസ് ഫീസിൽ വർധന വരുത്തുന്ന കാര്യത്തിൽ സർക്കാർ ഒന്നും പറയുന്നില്ല. രണ്ട് എൽഡിഎഫ് സർക്കാരുകളുടെ കാലത്തായി കൂട്ടത്തോടെ ബാർ ലൈസൻസുകൾ അനുവദിച്ചിരുന്നു.