തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും തുറക്കാൻ സർക്കാർ തീരുമാനിച്ചതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. എന്നാൽ മദ്യവിൽപ്പനശാലകൾ തുറക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 301 ഔട്ട്ലെറ്റുകളും ഒന്നിച്ചാണ് തുറക്കുക. ബെവ്കോയുടെ വിലയനുസരിച്ച് തന്നെയായിരിക്കും ബാറുകളിലെ കൗണ്ടറുകളിലും മദ്യവിൽപ്പന. മദ്യവിൽപ്പന കേന്ദ്രങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും.
ബാറുകളിലെ കൗണ്ടറുകളിൽ നിന്ന് മദ്യം പാഴ്സലായി വാങ്ങിക്കാം. അതേസമയം ക്ലബുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ല. മദ്യ വിൽപ്പന വെർച്വൽ ക്യൂ വഴിയായിരിക്കും. ഓൺലൈൻ വഴി മദ്യം ബുക്ക് ചെയ്യുന്പോൾ ലഭിക്കുന്ന സമയത്ത് മദ്യം വാങ്ങാനെത്തണം.
ഇതിനുവേണ്ടി പ്രത്യേക ആപ്പ് തയ്യാറാക്കും. ആപ്പ് തയ്യാറായിക്കഴിഞ്ഞാൽ മദ്യവിൽപ്പന എന്നാരംഭിക്കണമെന്ന കാര്യത്തിൽ തീരുമാനമാകും. കർശന നിയന്ത്രണങ്ങളോടെയാകും മദ്യവിൽപ്പന കേന്ദ്രങ്ങൾ തുറക്കുക. മദ്യവിൽപ്പന കേന്ദ്രങ്ങളിൽ ഒരേ സമയം വരിയിൽ അഞ്ചു പേരിൽ കൂടുതൽ നിൽക്കാൻ പാടില്ല.