പത്തനാപുരം: ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും മറി കടക്കാന്‍ സ്വകാര്യ മേഖലകളിലെല്ലാം ജീവനക്കാരുടെ പങ്കാളിത്തമുള്‍പ്പെടെ കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുമ്പോള്‍ അടുത്ത ദിവസങ്ങളില്‍ തുറക്കാന്‍ പോകുന്ന ബിവറേജസ് ഔട്ട് ലെറ്റുകളില്‍ അനാവശ്യജീവനക്കാരുടെ പെരുപ്പം സാമ്പത്തിക നഷ്ടമുണ്ടാക്കും.
നിലവില്‍ ഇരുന്നൂറ്റിയെഴുപതോളം ഷോപ്പുകളിലെ കരാറടിസ്ഥാനത്തിലുള്ള സുരക്ഷാജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ സാധ്യതയില്ല. മിക്ക ഔട്ട് ലെറ്റുകളിലും ജീവനക്കാരെക്കാള്‍ അധികവും ഇത്തരത്തിലുള്ള പുറം കരാര്‍ ജീവനക്കാരാണുള്ളത്.
ഓരോ ഷോപ്പിലും ആറ് സുരക്ഷാ ജീവനക്കാരാണുള്ളത്. ഒരാള്‍ക്ക് പതിനാലായിരം രൂപയും മറ്റ് ആനുകൂല്യങ്ങളും ശമ്പള ഇനത്തില്‍ നല്‍കേണ്ടതുണ്ട്. സ്വകാര്യ ഏജന്‍സിയുമായി കോര്പറേഷന് അധികൃതരുടെ ഇടപാട് മൂലം ലോക്ക്ഡൗണില്‍ ഷോപ്പുകള്‍ അടഞ്ഞുകിടക്കുന്ന ഘട്ടത്തില്‍ പോലും ഇവരുടെ എണ്ണം കുറയ്ക്കാന്‍ അധികൃതര്‍ തയാറായതുമില്ല.
ജീവനക്കാരുടെ കുറവ് വരുന്ന ഘട്ടങ്ങളില്‍ ബില്ലിംഗ് മുതല്‍ വിപണനം വരെ കരാര്‍ പ്രകാരം ഷോപ്പിന് പുറത്ത് മാത്രം ചുമതലയുള്ള ഇവരുടെ ജോലിയായി മാറുന്നുണ്ട്.
മൂന്ന് വര്‍ഷം മുന്‍പ് വരെ ഇത്തരത്തില്‍ സുരക്ഷാ ജീവനക്കാരുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ഷോപ്പ് അടയ്ക്കുന്നത് മുതല്‍ തുറക്കുന്നത് വരെ ഒരു സുരക്ഷാ ജീവനക്കാരന്റെ ആവശ്യം മാത്രമാണ് വേണ്ടതെന്നിരിക്കെ ഇരുന്നൂറ്റി എഴുപത് ഔട്ട് ലെറ്റുകളില്‍ നിലവില്‍ ആയിരത്തി അറുന്നൂറിലധികം സുരക്ഷാ ജീവനക്കാരാണുള്ളത്.
വരുന്ന ആഴ്ച മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയതും ബിവറേജസ് വിലയില്‍ ബാറുകളില്‍ പാര്‍സലായി മദ്യവില്പനയ്ക്ക് അനുമതി നല്കിയതും ഔട്ട് ലെറ്റുകളില്‍ തിരക്ക് കുറയുന്നതിന് കാരണമായേക്കും.
സുരക്ഷാ ജീവനക്കാരുടെ എണ്ണവുമായി ബന്ധപ്പെട്ട് മുന്‍പ് വിജിലന്‍സ് പരിശോധനയില്‍ രേഖപ്പെടുത്തലുണ്ടായിട്ടും ഇവരുടെ എണ്ണം കുറയ്ക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നതാണ് വസ്തുത.