ചിറ്റൂർ: തത്തമംഗലം ചെന്താമരനഗറിൽ തുടങ്ങുന്ന വിദേശ മദ്യശാലയ്ക്കെതിരേ ജനരോക്ഷം ശക്തമാകുന്നു. ചെന്താമര നഗർ യുപി സ്കൂളിലേക്ക് വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന റോഡിലെ തത്തമംഗലം കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി കെട്ടിടത്തിലാണ് മദ്യശാല തുടങ്ങാനാണ് അധികൃതരുടെ നീക്കം.
നിലവിൽ ആറുമാസമായി പൂട്ടിക്കിടക്കുന്ന കെട്ടിടത്തിന്റെ മുകൾനിലയിൽ സൊസൈറ്റി ഓഫീസും ഗ്രൗണ്ട് ഫ്ളോറിൽ സിവിൽ സപ്ലൈസ് ഗോഡൗണുമാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞമാസം ബിവറേജസ് അധികൃതർ കഴിഞ്ഞമാസം മദ്യശാല തുറക്കാൻ പ്രാഥമിക പരിശോധന നടത്തിയിരുന്നു.
ഇക്കഴിഞ്ഞ ദിവസം രണ്ടു ലോറികൾ മൂടിക്കെട്ടിയ നിലയിൽ കെട്ടിടത്തിനു മുൻഭാഗം റോഡിൽ നിന്നിരുന്നതും നാട്ടുകാരുടെ സംശയം വർധിപ്പിച്ചു. രാത്രിയിൽ ലോഡ് ഇറക്കി കെട്ടിടത്തിലേക്ക് മദ്യം മാറ്റുമെന്ന് കണക്കാക്കി ഇതു തടയുന്നതിനു വിവിധ രാഷ്ട്രീയപാർട്ടികൾ ഗോഡൗണു മുന്നി ൽ കൊടികെട്ടി നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.
കൊടികൾ നീക്കം ചെയ്താൽ പ്രതിഷേധം ശക്തമാകുമെന്നതിനാൽ ബീവറേജ് അധികൃതർ ചരക്കുലോറികൾ തത്കാലം മാറ്റി നിർത്തിയതായും നാട്ടുകാർ ആരോപിച്ചു. ചിറ്റൂർ ആർടിഒയുടെ വാഹന പരിശോധനയും ഈ റോഡിലാണ് നടത്തുന്നത്.
പട്ടഞ്ചേരി, മൂപ്പൻകുളം, അത്തിമണി, കുമൻകാട്, മേട്ടുപ്പാളയം, തത്തമം ഗലം, പള്ളിമൊക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നും ജില്ലാ ആസ്ഥാനത്തേക്ക് പോകുന്ന വാഹനങ്ങൾ ചെന്താമരനഗർ തിയേറ്റർ വഴിയാണ് പോകുന്നത്.
സ്ഥലത്തു മദ്യവില്പനശാല തുടങ്ങിയാൽ യാത്രക്കാർക്കും പ്രശ്നങ്ങൾ ഉണ്ടാകുമെന്നത് പ്രതിഷേധത്തിന്റെ ആഴം വർധിപ്പിക്കുന്നു. എന്നാൽ ചെന്താമരനഗറിൽ മദ്യവില്പനശാല തുടങ്ങുന്നതിനു യാതൊരു നടപടികളും ഇതുവരെയുണ്ടായിട്ടില്ലെന്ന് ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.രാജേഷ് പറഞ്ഞു.