ചാലക്കുടി: മാർക്കറ്റിനകത്ത് നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബീവറേജ് മദ്യവിൽപ്പന കേന്ദ്രം നോർത്ത് ജംഗ്ഷനിലേക്ക് മാറ്റാൻ നീക്കം.
ടൗണിൽ പഞ്ചാബ് നാഷ്ണൽ ബാങ്കിന് പിൻവശത്തുള്ള ഒരു സ്വകാര്യ കെട്ടിടത്തിലേക്കാണ് മാറ്റാൻ ശ്രമം ആരംഭിച്ചിട്ടുള്ളത്. കെട്ടിട ഉടമ ഭരണത്തിന്റെ ഉന്നത തലങ്ങളിൽ സ്വാധീനം ചെലുത്തിയാണ് മദ്യവിൽപ്പനകേന്ദ്രം മാറ്റാൻ ശ്രമിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
ബീവറേജ് മദ്യവിൽപ്പന കേന്ദ്രം സ്വകാര്യ കെട്ടിടത്തിൽ ആരംഭിക്കുന്നതിന് നഗരസഭയുടെ അനുവാദം ആവശ്യമില്ല. ഇതിനാൽ രാഷ് ട്രീയതലത്തിൽ പിരുമുറുക്കിയാണ് നീക്കങ്ങൾ നടക്കുന്നത്. ടൗണിലേക്ക് മദ്യവിൽപ്പന കേന്ദ്രം മാറ്റിയാൽ വലിയ ഗതാഗത തടസത്തിനും ക്രമസമാധാന പ്രശ്നത്തിനും ഇടയാക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. ഇതിനു സമീപം തന്നെ ബസ് സ്റ്റോപ്പും സ്ഥിതി ചെയ്യുന്നുണ്ട്.
നേരത്തെ സൗത്ത് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന മദ്യവിൽപ്പന കേന്ദ്രം ഇവിടെ വലിയ ഗതാഗത തടസവും സദാചാര പ്രവർത്തനങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിനെതുടർന്ന് വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഇവിടെ നിന്ന് മാറ്റിയത്. ടൗണിലേക്ക് മദ്യവിൽപ്പനകേന്ദ്രം മാറ്റിയാൽ ജനങ്ങൾക്ക് സ്വൈര്യമായി ടൗണിലൂടെ പോകാൻ പറ്റാത്ത അവസ്ഥയുണ്ടാകും. ടൗണിൽ മദ്യവിൽപ്പനകേന്ദ്രം ആരംഭിച്ചാൽ വൻ പ്രതിഷേധ സമരങ്ങൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.