കോട്ടയം: കൊറോണ ഭീഷണി വന്നശേഷം സമസ്ത മേഖലയിലും സ്തംഭനം നേരിടുന്ന സാഹചര്യത്തിലും വിദേശമദ്യവിൽപ്പനയിൽ കുറവുണ്ടായില്ല. അതേ സമയം ലോട്ടറി വിൽപ്പനയിൽ 25 ശതമാനം ഇടിവാണ് ജില്ലയിലുണ്ടായിരിക്കുന്നത്.
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ 27 വിദേശമദ്യ വിൽപ്പന കേന്ദ്രങ്ങളിലും കൂടുതൽ കൗണ്ടറുകൾ തുടങ്ങി ക്യൂ നീളം കുറയ്ക്കാനും ക്യൂവിൽ ചെലവഴിക്കേണ്ടിവരുന്ന സമയം കുറയ്ക്കാനുമാണ് അടിയന്തര നടപടി. സ്ഥലപരിമിതിയുള്ള വിതരണ കേന്ദ്രങ്ങളിലും കൗണ്ടറുകളുടെ എണ്ണം കൂട്ടാനാണ് നിർദേശം.
തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി വിതരണ സമയം രാവിലെ ഒൻപതു മുതൽ രാത്രി പത്തുവരെയാക്കുന്നതും ആലോചനയിലാണ്. സർക്കാർ ഖജനാവിലേക്ക് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന വിദേശമദ്യം, ലോട്ടറി വിൽപ്പനകളിൽ നിയന്ത്രണവും നിരോധനവും ഏർപ്പെടുത്താനുള്ള സാധ്യത വിരളമാണ്.
അതേ സമയം കള്ള് വിൽപനയിൽ 20 ശതമാനം കുറവ് അനുഭവപ്പെടുന്നുണ്ട്. കള്ള് ഷാപ്പുകളിൽ കൂടുതൽ സമയം ചെലവഴിക്കാൻ മദ്യപർ താൽപര്യപ്പെടുന്നില്ല.
ഗ്ലാസ്, കുപ്പി, ഭക്ഷണ പാത്രങ്ങൾ എന്നിവയുടെ ശുചിത്വം ഉറപ്പാക്കുന്നതിലെ ആശങ്കയാണ് ഷാപ്പുകൾക്കുണ്ടാക്കിയ പ്രതിസന്ധി. ലോട്ടറി വിൽപന കടകളിലും ചില്ലറ വിതരണത്തിലും തിരക്ക് നന്നേ കുറവുണ്ട്.
കൊറോണ എത്തിയതോടെ തൊഴിലിടങ്ങൾ അടഞ്ഞത് സാധാരണക്കാരുടെ വരുമാനത്തെ സാരമായി ബാധിച്ചു. ലോട്ടറി പ്രതിസന്ധി കുറഞ്ഞത് ഒരു മാസത്തോളം തുടരുമെന്നാണ് സൂചന.