ഡൊമനിക് ജോസഫ്
മാന്നാർ:സംസ്ഥാന സർക്കാർ മദ്യവിതരണത്തിനായി കഴിഞ്ഞ ജൂണ് മുതൽ ഏർപ്പെടുത്തിയ മൊബൈൽ ആപ്പ് ആർക്കും വേണ്ടാതായി. തുടക്കത്തിൽ ഒരു ദിവസം നാല് ലക്ഷം പേർക്ക് വരെ ആപ്പ് നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ 25,000 ൽ താഴെ ആൾക്കാർ മാത്രമെ ആപ്പ് ഉപയോഗിക്കുന്നുള്ളു. സന്പൂർണ ലേക്ഡൗണിന് ശേഷം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത് മദ്യശാലകൾ എന്ന് തുറക്കുമെന്നത് സംബന്ധിച്ചായിരുന്നു.
ഏറെ തയ്യാറെടുപ്പുകൾ നടത്തിയശേഷമാണ് സംസ്ഥാനത്ത് മദ്യശാലകളിൽ നിന്നും മദ്യം ആപ്പുവഴി വിതരണം ചെയ്യുവാൻ തീരുമാനിച്ചത്.
മദ്യം ബുക്ക് ചെയ്യുന്പോൾ കൂടുതലും ബാറുകളിലേക്കാണ്
ലഭിക്കുന്നതെന്നും വീടിന് സമീപത്തുള്ള സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്നില്ലെന്ന ആക്ഷേപം ആപ്പിനെ കുറിച്ച് ഉയർന്നു.തുടർന്ന് ആപ്പ് പരിഷ്ക്കരിച്ച് പിൻകോഡ് സഹിതം ബുക്ക് ചെയ്യുന്പോൾ പത്ത് കിലോമീറ്റവരെ അകലത്തിലുള്ള ബാറുകളുടെയും
ബിവറേജസ് ഒട്ട്ലെറ്റുകളുടെയും പേരുകൾ വരുന്നതിൽ നിന്ന് സൗകര്യപ്രദമായത് തെരെഞ്ഞെടുക്കാമെന്ന തരത്തിലായി.ഇത്തരം മാറ്റങ്ങളും മറ്റും ആപ്പിൽ മാറി മാറി പരീക്ഷിച്ച്
നിലനിർത്തിയെങ്കിലും ആപ്പില്ലാതെ തന്നെ ബാറുകളിൽ നിന്ന് തുടക്കത്തിൽ തന്നെ മദ്യം ലഭിച്ചിരുന്നു.ആപ്പിനെ ആശ്രയിക്കാതെ മദ്യം യഥേഷ്ടം ലഭിക്കുമെന്നാതായതോടെ മദ്യപൻമാർ ആപ്പിനെ ആശ്രയിക്കാതെയായി.
പൊല്ലാപ്പായി!
ബാറുകളിൽ കച്ചവടം പൊടിപൊടിച്ചപ്പോൾ സർക്കാരിന്റെ ഒൗട്ടലെറ്റുകളിൽ കച്ചവടം തന്നെ ഇല്ലാതായി. ഇവിടെ ആപ്പുള്ളവർക്ക് മാത്രമേ തുടക്കത്തിൽ മദ്യം ലഭിച്ചിരുന്നുള്ളു.
എന്നാൽ ഇവിടേക്ക് ആരും എത്തിനോക്കാതായതോടെ ഇപ്പോൾ ബെവോകോ ഒൗട്ടലെറ്റുകളിലും ആപ്പില്ലാതെ മദ്യം നൽകി തുടങ്ങി.ഒരു മദ്യവിൽപ്പന കേന്ദ്രത്തിൽ
ശരാശരി 400 പേർക്ക് വരെ ലൂടടെ മദ്യം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരുന്നെങ്കിലും ഇപ്പോൾ ഒരു കേന്ദ്രത്തിൽ 50 ൽ താഴെ മാത്രമേ ആപ്പിലൂടെ ബുക്ക് ചെയ്യുന്നുള്ളു.
എങ്ങനെയെങ്കിലും ആർക്കെങ്കിലും കൊടുത്ത് വിറ്റഴിച്ചാൽ മതിയെന്ന രീതിയിലാണ് ബാറുടമകൾ. മദ്യത്തിന്റെ കൂടിയ വിലയും മദ്യം വാങ്ങുവാൻ സാധരണക്കാരുടെ പക്കൽ പണമില്ലാത്തതും ഇതിന്റെ വിൽപ്പനയെ തന്നെ സാരമായി ബാധിച്ചതും ആപ്പിന് പൊല്ലാപ്പായി.
ഇതോടെ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന മദ്യവിൽപ്പനയിൽ ആപ്പിന്റെ പ്രസക്തി തന്നെ ഇല്ലാതായിരിക്കുകയാണ്.ബാറുകൾ തുറക്കുന്നതോടെ ആപ്പുള്ളവർക്ക് ബെവ്കോ ഒൗട്ട് ലെറ്റുകളിൽ നിന്നും ക്യൂവില്ലാതെ മദ്യം നൽകുന്ന സംവിധാനത്തിലേക്ക് മാറ്റാനാണ് സർക്കാർ ശ്രമം.