സ്വന്തം ലേഖകന്‍
കോഴിക്കോട്: കോവിഡ് രണ്ടാംഘട്ടത്തില്‍ കര്‍ശനമായ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും വരുമ്പോഴും ബിവറേജസ് ഔട്ട് ലെറ്റുകളില്‍ നിയന്ത്രണം വരുത്താന്‍ സര്‍ക്കാരിനു മടി.
വിഷുകാലത്തു സര്‍വ നിയന്ത്രണങ്ങളും സാമൂഹിക അകലവും കാറ്റില്‍ പറത്തി ക്യു ഉണ്ടാകാൻ സാധ്യത ഏറെയാണെന്നിരിക്കേ ഇക്കാര്യത്തിൽ എന്തു നടപടിയെടുക്കുമെന്നതിൽ വ്യക്തതയില്ല.
ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടാറുള്ള ദിവസങ്ങളാണ് ഇനി വരാനുള്ളത്. യാതൊരു ക്രമീകരണവും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
നിലവിലെ സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യ വില്പനയിലേക്കു തിരിച്ചുപോകണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ആപ്പ് വഴിയായിരുന്നു കര്‍ശന നിയന്ത്രണങ്ങളോടെ മദ്യവില്‍പ്പന. എന്നാല്‍ പതിയെ ഇത് പിന്‍വലിച്ചു.
ഇപ്പോള്‍ കോവിഡ് വ്യാപനം അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുന്ന അവസരത്തില്‍ ആപ്പ് വഴി നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അതു വലിയ രോഗവ്യാപനത്തിനു വഴിവച്ചേക്കും.
ബാറുകള്‍ ഉള്‍പ്പെടെ തുറന്നുപ്രവര്ത്തിക്കുന്നതിനാല് ബാര്‍ കൗണ്ടര്‍ വഴിയുള്ള വില്‍പ്പന പുനരാരംഭിച്ചാല്‍ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ കഴിയും.
എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിധി കാത്തിരിക്കുന്ന സമയത്ത് സര്‍ക്കാര്‍ ഇതിനു മുതിരുമോ എന്നു കണ്ടറിയണം. ആപ്പ് വഴിയാണെങ്കില്‍ വില്‍പ്പനയില്‍ കാര്യമായ ഇടിവ് സംഭവിക്കും.
വരുമാനത്തെയും ബാധിക്കും. അതാണ് അധികൃതരെ പിന്നോട്ടടിപ്പിക്കുന്നത്.