മദ്യവില്‍പ്പനയ്ക്കുള്ള ഓണ്‍ലൈന്‍ ടോക്കണ്‍ എടുക്കുന്ന ബെവ്ക്യൂ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കു നടക്കുന്ന യോഗത്തില്‍ ഐടി, എക്‌സൈസ്, ബവ്‌കോ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
ആപ് ഈ നിലയില്‍ തുടരണോ പകരം സംവിധാനം ഏര്‍പ്പെടുത്തണോ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി പിഴവു വരുന്നതില്‍ ബെവ്‌കോ അധികൃതര്‍ അതൃപ്തി അറിയിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിമര്‍ശം ഉണ്ടായത്.
സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് ആപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഫെയര്‍കോഡ് കമ്പനി ഫെയ്‌സ്ബുക്ക് പേജില്‍നിന്നു പിന്‍വലിച്ചു.
മദ്യവിതരണത്തിന്റെ ആദ്യദിനം പ്രതീക്ഷിച്ചത്ര വരുമാനം ഉണ്ടാക്കാന്‍ ബെവ്‌കോയ്ക്കു കഴിഞ്ഞില്ല. ബുക്കിംഗിനായി എത്തിയവരില്‍ മിക്കയാളുകള്‍ക്കും ഇ-ടോക്കണ്‍ ലഭിക്കാത്തതാണ് കച്ചവടം കുറച്ചത്. പല ബെവറേജസ് ഷോപ്പുകളിലും ഒറ്റ ബുക്കിംഗ് പോലും നടന്നില്ല.
വരും ദിവസങ്ങളിലും ഈ അവസ്ഥ തുടര്‍ന്നാല്‍ ബവ്‌കോയുടെ വരുമാനത്തിന്റെ സിംഹഭാഗവും നഷ്ടമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഉപഭോക്താക്കളുടെ ഇ-ടോക്കണ്‍ പരിശോധിക്കാന്‍ ബെവ്‌കോ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ആപ്പിനും നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്.
പല ഷോപ്പുകളിലും ആപ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഇ-ടോക്കണ്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തി മദ്യം നല്‍കുകയാണ് ചെയ്തുവരുന്നത്.
സോഫ്റ്റ്വെയറിലെ തകരാറുകളാണ് ഒടിപി ലഭിക്കാന്‍ വൈകുന്നതിനു കാരണം. പലര്‍ക്കും അഞ്ചു മിനിട്ടു വരെ സമയം എടുത്താണ് ഒടിപി ലഭിക്കുന്നത്.
ഒടിപി അയച്ചാലും രജിസ്‌ട്രേഷനില്‍ തടസം നേരിടുന്നു. സന്ദേശം ലഭിക്കാത്തത് മൊബൈല്‍ കമ്പനികളുടെ ഭാഗത്തെ പ്രശ്‌നമാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
തിരക്ക് മുന്നില്‍ കണ്ട് പ്രവര്‍ത്തനം നടത്താന്‍ ആപ്പ് നിര്‍മിച്ച കമ്പനിക്ക് കഴിയാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എക്‌സൈസ് മന്ത്രിയുടെ യോഗത്തില്‍ ആപ്പ് തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമാകുമെന്നാണ് വിവരം.