തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഇഷ്ടമുള്ള സ്ഥലത്തുനിന്നു മദ്യം വാങ്ങാം. ഉപഭോക്താവിന് ഇഷ്ടമുള്ള ഔട്ടലെറ്റ് തെരഞ്ഞെടുക്കാനും പിൻകോഡ് മാറ്റാനുമുള്ള സൗകര്യങ്ങൾ ബെവ്ക്യു ആപ്പിൽ ലഭ്യമായി.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഈ സൗകര്യങ്ങൾ ആപ്പിൽ ലഭ്യമായതെന്ന് ആപ്പ് നിർമാതാക്കളായ ഫെയർകോഡ് ടെക്നോളജീസ് പറഞ്ഞു.
മദ്യം ബുക്ക് ചെയ്യാൻ ആപ്പിൽ ലോഗിൻ ചെയ്യുന്പോൾ തന്നെ പിൻകോഡിന്റെ കീഴിലുള്ള ഔട്ട്ലെറ്റുകളുടെ പട്ടിക ലഭിക്കും. ഇതിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ, കണ്‍സ്യൂമർ ഫെഡ് ഷോപ്പ്, കെറ്റിഡിസി, ബാറുകൾ എന്നിവ പ്രത്യേകം കാണിക്കും.
പുതിയ ഓപ്ഷനുകൾ വന്നതോടെ സംസ്ഥാനത്ത് എവിടെനിന്നും മദ്യം വാങ്ങാൻ ടോക്കണ്‍ എടുക്കാൻ ഉപഭോക്താവിന് കഴിയും. ഓരോ ഔട്ട്ലെറ്റുകളിലെയും മദ്യത്തിന്റെ വിവരവും അറിയാൻ സാധിക്കും. മദ്യ ഉപഭോക്താക്കൾ ഏറെ നാളായി ആവശ്യപ്പെടുന്നതായിരുന്നു ഈ ഓപ്ഷനുകൾ.
കോവിഡ് ലോക്ക്ഡൗണിനെ തുടർന്നാണു മദ്യ വിതരണം ബെവ്ക്യൂ ആപ്പ് വഴിയാക്കിയത്. എന്നാൽ ഔട്ട്ലെറ്റുകൾ തെരഞ്ഞെടുക്കുന്നതിന് മദ്യം വാങ്ങുന്നവർക്ക് അവസരം ഉണ്ടായിരുന്നില്ല.