തിരുവനന്തപുരം: ബെവ്ക്യൂ ആപ്പ് തകരാറിലായതിനെ തുടർന്ന് ബദൽ സംവിധാനമൊരുക്കി ബിവറേജസ് കോർപ്പറേഷൻ. ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ബെവ്കോ ബദൽ സംവിധാനം ഒരുക്കിയിരിക്കുന്നത്.
മദ്യം ആവശ്യപ്പെട്ട് രജിസ്റ്റർ ചെയ്തവരുടെ പട്ടിക ബന്ധപ്പെട്ട മദ്യവിൽപ്പനശാലകൾക്കും ബാറുകൾക്കും നൽകുന്ന സംവിധാനമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
മദ്യത്തിന് വേണ്ടി രജിസ്റ്റർ ചെയ്തവർ ബന്ധപ്പെട്ട മദ്യവിൽപ്പനശാലകളിൽ ചെന്ന് തിരിച്ചറിയൽ കാർഡ് കാണിച്ച് മദ്യം കൈപ്പറ്റണമെന്നാണ് പുതിയ സംവിധാനത്തിലൂടെ ബെവ്കോ വ്യക്തമാക്കുന്നത്.
എന്നാൽ ഈ സംവിധാനം മദ്യം വാങ്ങാൻ എത്തുന്നവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്. നേരത്തെ ക്യൂആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കാത്തത് മദ്യ വിതരണത്തെ ബാധിച്ചിരുന്നു.
ഇത് രജിസ്റ്റർ ചെയ്തവരെ രോഷാകുലരാക്കി. പലർക്കും രജിസ്റ്റർ ചെയ്ത സ്ഥലങ്ങളിൽ നിന്നും പത്ത് മുതൽ 20 കിലോമീറ്റർ അകലെയുള്ള പ്രദേശത്തെ മദ്യവിൽപ്പനശാലകളിൽ ചെന്ന് മദ്യം വാങ്ങാനാണ് സന്ദേശം ലഭിച്ചിരുന്നത്.
സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾക്ക് മുന്നിൽ വലിയ തോതിൽ ജനങ്ങൾ മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്ന സ്ഥിതിയായി മാറിയിരിക്കുകയാണ്.
ബെവ് ക്യൂ ആപ്പിന് തകരാർ സംഭവിക്കില്ലെന്നായിരുന്നു ആപ്പ് രൂപ കൽപ്പന ചെയ്ത ഫെയർകോഡ് എന്ന സ്വകാര്യ കന്പനിയുടെ അവകാശവാദം. എന്നാൽ ആദ്യദിനത്തിൽ തന്നെ ആപ്പ് തകരാറിലായി. ഇതോടെ രജിസ്ട്രേഷൻ നിർത്തിവയ്ക്കുകയായിരുന്നു.