റെനീഷ് മാത്യു
കണ്ണൂർ: ബെവ് ക്യൂ ആപ്പ് വഴിയുള്ള മദ്യവില്പനയിൽ കള്ളക്കളികളുമായി ചില ബാറുകാരും മദ്യമാഫിയകളും.
ഒറ്റ ടോക്കണിൽ മൂന്നു ലിറ്റർ മദ്യം വാങ്ങാമെന്നിരിക്കെ മുപ്പതു ലിറ്റർ വരെ മദ്യം വാങ്ങുവാനുള്ള തട്ടിപ്പുകളുമായാണ് മദ്യ മാഫിയ രംഗത്ത് എത്തിയിരിക്കുന്നത്. ചില ബാറുകാരുടെ മൗന സമ്മതത്തോടെയാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.
സാധാരണയായി ബെവ് ക്യൂവിൽ മദ്യം ബുക്ക് ചെയ്താൽ ലഭിക്കുന്ന ടോക്കണുമായാണ് മദ്യം വാങ്ങുവാൻ പോകേണ്ടത്. ബാറുകളിലെ കൗണ്ടറിൽ നമ്മൾക്ക് ലഭിച്ചിരിക്കുന്ന ടോക്കൺ ക്യൂ ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്ത ശേഷമാണ് മദ്യം വാങ്ങുവാൻ കൗണ്ടറിൽ എത്തേണ്ടത്.
ക്യൂ ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്താൽ പിന്നീട് ഈ ടോക്കൺ ഉപയോഗിച്ച് മദ്യം വാങ്ങുവാൻ സാധിക്കില്ല. ടോക്കണിൽ ലഭിച്ചിരിക്കുന്ന സമയത്ത് മാത്രമേ മദ്യം വാങ്ങുവാൻ എത്താവൂ.
മദ്യ വില്പനയ്ക്ക് സർക്കാർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഇപ്പോൾ ചില ബാറുകളിൽ മദ്യ വില്പന പൊടി പൊടിക്കുന്നത്. രാഷ്ട്രദീപിക നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ ചില തട്ടിപ്പുകൾ ഇങ്ങനെയാണ്;
ഒരു ടോക്കണിൽ 30 ലിറ്റർ വരെ
സംസ്ഥാനത്തെ ഭൂരിഭാഗം ബാറുകളിലും ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്ന സംവിധാനം നിലവില്ല. മൊബൈൽ ഫോണിൽ ബുക്ക് ചെയ്യുന്ന ടോക്കണുമായി ചെന്നാൽ കൗണ്ടറിലിരിക്കുന്ന ടോക്കൺ നന്പർ പേപ്പറിൽ എഴുതുക മാത്രം ചെയ്യുന്നു.
ഇത് ഒരിടത്തും രേഖപ്പെടുത്തുന്നില്ല. മദ്യം വാങ്ങി മണിക്കൂറുകൾക്ക് ശേഷം വീണ്ടും ഇതേ ടോക്കണുമായി വന്നാൽ വീണ്ടും മദ്യം ലഭിക്കുന്നു.
ആൾമാറാട്ടത്തിലൂടെ ഒരേ ടോക്കണുമായി ഇങ്ങനെ 30 ലിറ്ററോളം മദ്യം വാങ്ങിയെടുക്കുന്ന ലോബികളും ഉണ്ട്. ഇത്തരം ലോബികൾ വാങ്ങിയെടുക്കുന്ന മദ്യവുമായി ബാറിന്റെ പരിസരത്ത് ടോക്കണില്ലാതെ എത്തുന്നവർക്ക് അമിത വില ഈടാക്കി വില്പന നടത്തും.
വെർച്വൽ ക്യൂവും ബില്ലും ഇല്ല
മദ്യം ബുക്ക് ചെയ്യുന്പോൾ നമ്മൾക്ക് ലഭിക്കുന്ന സമയത്ത് അവിടെയെത്തി മദ്യം വാങ്ങുവാനായിരുന്നു സർക്കാർ നിർദേശം. തുടക്കത്തിൽ അങ്ങനെയായിരുന്നു.
എന്നാൽ, ടോക്കൺ കിട്ടിയാൽ ബാറുകളിൽ ഏത് സമയത്ത് ചെന്നാലും മദ്യം കിട്ടും. മിക്ക ബാറുകളിൽ നിന്നും ബിൽ ഉപഭോക്താവിന് തന്നു വിടുന്നില്ല. ബിൽ ആവശ്യപ്പെടുന്നവരോട് മൊബൈൽ ഫോട്ടോയെടുത്ത് പോകുവാനാണ് പറയുന്നത്.
ബിയർ ബുക്ക് ചെയ്താലും മദ്യം ലഭിക്കും
ബെവ് ക്യൂവിൽ മദ്യത്തിനും വൈൻ ആൻഡ് ബിയറിനും പ്രത്യേക തെരഞ്ഞെടുപ്പ് ഉണ്ട്. മദ്യത്തിന് ബുക്ക് ചെയ്താൽ മദ്യം മാത്രമേ ലഭിക്കുകയുള്ളൂ. ഇതുപോലെ തന്നെയാണ് ബിയറും വൈനും. എന്നാൽ ചില ബാറുകളിൽ നിന്ന് ബിയർ ബുക്ക് ചെയ്ത് മദ്യവുമായി മടങ്ങുന്നവർ ഏറെയാണ്.
ആപ്പും വേണ്ട, ടോക്കണും വേണ്ട
ചില ബാറുകളിൽ മദ്യം ലഭിക്കണമെങ്കിൽ ആപ്പിലുള്ള ബുക്കിംഗ് വേണ്ട. ബാറിലെ സെക്യൂരിറ്റിക്കാരൻ കനിഞ്ഞാൽ മതി. സെക്യൂരിറ്റിയെ സമീപിച്ചാൽ അരലിറ്ററിന് 50 രൂപ മുതൽ 100 രൂപവരെ അധികം മുടക്കിയാൽ മദ്യം ഒരു പത്തുമിനിറ്റിനുള്ളിൽ പാഴ്സലായി കൈയിലെത്തും.
നിരീക്ഷണം ഇല്ല
നേരത്തെ എക്സൈസും പോലീസും ബാറുകളുടെ പരിസരത്ത് നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. ഇവരുടെ നിയന്ത്രണം പിൻവലിച്ചതോടെയാണ് ചില ബാറുകളുടെ അകത്തും പുറത്തും ഇത്തരം കള്ളക്കളികൾ നടക്കുന്നത്.
സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മദ്യവില്പനശാലകളിൽ ഇത്തരം തട്ടിപ്പുകൾ നടക്കുന്നില്ല. അതിനാൽ, ബാറുകളുടെ പരിസരത്ത് മദ്യം വാങ്ങുവാൻ വൻ തിരക്കുമാണ്.