തിരുവനന്തപുരം: ഓൺലൈൻ മദ്യ വില്പനയ്ക്കുള്ള മൊബൈൽ ആപ്പായ ‘ബെവ്ക്യൂ’വിൽ ഉൾപ്പെടാൻ സംസ്ഥാനത്തെ 80 ശതമാനം ബാറുകളും രജിസ്റ്റർ ചെയ്തു.
മൊബൈൽ ആപ് വഴി മദ്യ വിതരണത്തിനുള്ള ബാറുകളുടെയും ബിയർ- വൈൻ പാ൪ലറുകളുടെയും രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയായി.
സംസ്ഥാനത്തെ 602 ബാ൪ ലൈസൻസികളിൽ 80 ശതമാനം പേരും ഓൺലൈൻ മദ്യക്കുപ്പി വില്പനയ്ക്കായുള്ള കരാർ ബിവറേജസ് കോ൪പറേഷനുമായി ഒപ്പിട്ടു.
50 രൂപ പത്രത്തിൽ ഒപ്പിട്ട കരാർ വ്യവസ്ഥകൾ പ്രകാരം മൊബൈൽ ആപ്പിന്റെ പൂർണ നിയന്ത്രണം ബിവറേജസ് കോർപറേഷനായിരിക്കും. 70 ശതമാനത്തോളം ബിയർ- വൈൻ പാ൪ലറുകളും ഓൺലൈൻ മദ്യ വില്പനയ്ക്കായുള്ള കരാറിൽ ഒപ്പിട്ടു.
മൊബൈൽ ആപ്പിന്റെ പരീക്ഷണഘട്ടം പൂർത്തിയാകുന്ന മുറയ്ക്ക് ഓൺലൈൻ മദ്യവില്പന സംസ്ഥാനത്തു തുടങ്ങുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
ബിവറേജസ് കേ൪പറേഷൻ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾക്കൊപ്പം കരാറിൽ ഒപ്പിട്ട ബാറുകളും ബിയർ, വൈൻ പാ൪ലറുകളും വഴി മദ്യം പാഴ്സലായി നൽകും.