കൊച്ചി: ബെവ്കോ ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് ബിവറേജസ് കോര്പേഷനായി ബെവ്ക്യൂ ആപ്പ് തയാറാക്കിയ ഫെയര്‍ കോഡ്. തങ്ങളുടെ ജോലി ആപ്പ് നിര്‍മിക്കുകയെന്നതായിരുന്നു.
ബെവ്കോ കൈമാറിയ ഡാറ്റ വച്ചാണ് ആപ്പ് പൂര്‍ത്തിയാക്കിയത്. സമീപത്തുള്ള ഔട്ട്ലറ്റുകളുടെയും ബാറുകളുടെയും ലിസ്റ്റ് കൈമാറിയത് ബെവ്കോ അധികാരികളാണ്.
ഒരു സ്ഥലത്തെ ഔട്ട്ലറ്റില് മദ്യം ലഭ്യമല്ലെങ്കില്‍ സമീപത്തെ ഔട്ട്ലറ്റുകളിലേക്കാകും ടോക്കണ്‍ ലഭിക്കുക. ഇത്തരത്തിലാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശങ്ങളും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ ഇതിനോടകം പരിഹരിച്ചെന്നും ആപ്പ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാണെന്നും ഫെയര്‍കോഡ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
ചില ബാറുകളുടെയും ഔട്ട്ലറ്റുകളുടെയും മേല്‍വിലാസത്തില്‍ ഇനിയും തെറ്റുകള്‍ ഉണ്ടെന്ന വിവരം ലഭിക്കുന്നുണ്ട്. ബെവ്കോ നല്കിയ ഡാറ്റയിലുള്ളതാണ് ഈ മേല്‍വിലാസം.
ആപ്പുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഉണ്ടായ ഏക പ്രശ്നം എസ്എംഎസ് പോകുന്നില്ല എന്നുള്ളതായിരുന്നു. ഇത് സര്‍ക്കാര്‍ ഇടപെട്ട് പരിഹരിച്ചു. ആപ്പുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്തുനിന്ന് മറ്റ് തെറ്റുകള്‍ സംഭവിച്ചിട്ടില്ലെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
അതിനിടെ, ആപ്പ് പ്രവര്‍ത്തനരഹിതമായതോടെ ഫെയര്‍ കോഡ് അധികൃതര്‍ മുങ്ങിയെന്ന ആക്ഷേപം ശരിയല്ലെന്നും വിവിധ കോണുകളില്‍നിന്ന് സംഘടിതമായ ആക്രമണം ഉണ്ടായതോടെ സൈറ്റില്‍നിന്നും ഫേസ്ബുക്ക് പേജില്‍നിന്നും ഉള്‍പ്പെടെ ആപ്പിന്റെ വിവരങ്ങള്‍ മറയ്ക്കുകയാണ് ഉണ്ടായതെന്നും കമ്പനി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കമ്പനി ഇത്തരത്തില്‍ വ്യക്തമാക്കുമ്പോഴും പലര്‍ക്കും കിലോ മീറ്ററുകള്‍ ദൂരെയുള്ള ഔട്ട്ലറ്റുകളിലേക്കാണു ടോക്കണ്‍ ലഭിക്കുന്നതെന്ന ആക്ഷേപം ഇന്നും ഉയരുന്നുണ്ട്. ബെവ്കോ ഔട്ട്ലറ്റുകളിലേക്കാള് കൂടുതല്‍ ബാറുകളിലേക്കാണ് ടോക്കണ്‍ ലഭിക്കുന്നതെന്നും ആരോപണമുണ്ട്.