ഇന്ത്യയില്‍ ഏറ്റവും അച്ചടക്കമുള്ള ജനവിഭാഗം ഏതെന്നു ചോദിച്ചാല്‍ കണ്ണടച്ചു പറയാം കേരളത്തിലെ കുടിയന്മാരെന്ന്. ജാതി-മത-രാഷ്ട്രീയ ഭേദങ്ങളില്ലാതെ കാലിക്കുപ്പിയുമേന്തിയുള്ള മദ്യപന്മാരുടെ നില്‍പ്പാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുമെന്ന് ബിവറേജസ് കോര്പ്പറേഷന് തീരുമാനിച്ചിരുന്നു. ഇതറിഞ്ഞാണ് മദ്യപന്മാരെല്ലാം വീട്ടിലും പറമ്പിലുമായി കിടന്ന കുപ്പികളെല്ലാം വാരിക്കെട്ടി ബിവറേജസ് ഷോപ്പിലേക്ക് ഓടിയത്. എന്നാല്‍ കാലിക്കുപ്പി സ്വീകരിക്കാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല, വേണമെങ്കില്‍ നിറ കുപ്പി തരാമെന്നാണ് ജീവനക്കാര്‍ പറയുന്നത്. കാലിയായ മദ്യക്കുപ്പികള്‍ ബിവറേജസ് ഷോപ്പില്‍ വിറ്റ് പണം വാങ്ങാമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം കേട്ട പാതി കേള്‍ക്കാത്ത പാതി കാലിക്കുപ്പിയുമായി ഓടിയവരെല്ലാം കലിപ്പിലുമായി. പിന്നെ ഒരു ഫുള്ളു വാങ്ങിയാണ് ആ കലിപ്പ് അങ്ങു തീര്‍ത്തത്.
ജനുവരി ഒന്നുമുതല്‍ കാലിക്കുപ്പികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് നിര്‍ദേശം ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ ഭാഷ്യം. ബിവറേജസ് ഷോപ്പുകളില്‍ കാലിക്കുപ്പികള്‍ ശേഖരിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കാനാണത്രെ ഇപ്പോള്‍ നീക്കം നടക്കുന്നത്. തുടക്കത്തില്‍ പണം നല്‍കില്ലെന്നാണ് അറിയുന്നത്. പണം ലഭിക്കണമെങ്കില്‍ , കുപ്പികള്‍ ക്ലീന്‍ കേരള കമ്പനിയുടെ ശേഖരണ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ശേഖരണ കേന്ദ്രങ്ങള്‍ എവിടെയെല്ലാം തുറക്കണമെന്ന് പോലും തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്.
കുപ്പികള്‍ ശേഖരിക്കാന്‍ ഹരിതകര്‍മസേനയുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനും പദ്ധതിയുണ്ട്. എന്നാല്‍ അക്കാര്യങ്ങളും ജീവനക്കാരെ അറിയിച്ചിട്ടില്ല. സംസ്ഥാനത്ത് ഒന്നുമുതല്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണ് മദ്യക്കുപ്പികള്‍ തിരിച്ചെടുക്കാന്‍ ബിവറേജസ് കോര്പ്പറേഷന് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ക്ലീന്‍ കേരള കമ്ബനിയുമായി കോര്പ്പറേഷന് കഴിഞ്ഞമാസം കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. ഒരു കിലോ പ്ലാസ്റ്റിക് കുപ്പിക്ക് 15 രൂപ നിരക്കില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്പ്പറേഷന് പരിധിക്കുളളില്‍ നിന്ന് ജനുവരി ഒന്നുമുതല്‍ മൂന്നു മാസത്തേക്ക് മദ്യക്കുപ്പികള്‍ ശേഖരിക്കുന്നതിനാണ് കരാര്‍.
തുടക്കത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്പറേഷന് പരിധിയിലെ മദ്യഷോപ്പുകളിലായിരിക്കും മൂന്നു മാസത്തെ പരീക്ഷണാടിസ്ഥാനത്തില്‍ കുപ്പികള്‍ തിരിച്ചെടുക്കുകയെന്നാണറിയുന്നത്. അടുത്തഘട്ടത്തില്‍ സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കും. ബിവറേജസില്‍ മാത്രമല്ല, വീടുകളിലെത്തിയും കാലികുപ്പികള്‍ ശേഖരിക്കാന്‍ പദ്ധതിയുണ്ട്. ഹരിതകര്‍മസേനയുടെ നേതൃത്വത്തിലായിരിക്കും ഇത്. കൂടാതെ ക്ലീന്‍ കേരള കമ്പനിയുടെ കളക്ഷന്‍ സെന്ററുകളിലും കുപ്പി എത്തിക്കാം. ക്ലീന്‍ കേരളയ്ക്കും കുപ്പി നല്കുമ്പോള് മാത്രമായിരിക്കും നിശ്ചയിച്ചിട്ടുള്ള വില ലഭിക്കുക. വീട്ടിലെത്തി ഹരിതകര്മസേനക്കാര് ശേഖരിക്കുന്ന കുപ്പിക്ക് വില ലഭിക്കില്ല.