സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ അടക്കമുള്ള വിൽപന ശാലകളിൽ മദ്യം എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി ബിവറേജസ് കോർപറേഷൻ.
രണ്ടു മാസത്തോളമായി അടഞ്ഞുകിടക്കുന്ന മദ്യശാലകള്‍ തുറക്കുമ്പോഴുള്ള തിരക്കു കുറയ്ക്കാൻ വിൽപനകേന്ദ്രങ്ങളിൽ ആവശ്യത്തിനു മദ്യം വിതരണം നടത്താന്‍ വെയര്‍ഹൗസുകള്‍ക്ക് ബിവറേജസ് കോര്പറേഷന് എംഡി നിര്‍ദേശം നല്‍കിയതിനെത്തുടർന്നാണിത്.
എക്സൈസിൽനിന്ന് അനുമതി ലഭിച്ചാലുടൻ ബാറുകള്‍, ഔട്ട്ലെറ്റുകൾ, ബിയർ-വൈന്‍ പാര്‍ലറുകള്‍ എന്നിവയ്ക്ക് ആവശ്യമായ മദ്യം ഉടന്‍ എത്തിക്കും. ലേബല്‍ ഒട്ടിക്കാനുള്ള കാലതാമസം ഒഴിവാക്കാനും നിർദേശിച്ചു. മദ്യം ആവശ്യപ്പെട്ടുകൊണ്ട് ഓര്‍ഡര്‍ ലഭിച്ചാലുടന്‍ ലേബല്‍ ഒട്ടിച്ച് സ്റ്റോക്ക് സജ്ജമാക്കി വയ്ക്കണം.
വില്പന ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളാണു തുടങ്ങിയത്. മുമ്പ് എക്സൈസ് അനുമതി ലഭിച്ചശേഷമാണു കുപ്പികളില്‍ ലേബല്‍ ഒട്ടിച്ചിരുന്നത്.
മദ്യവിതരണത്തിനുള്ള മൊബൈല്‍ ആപ്പായ ബെവ്ക്യൂ ഇനിയും സജ്ജമായില്ല. മുന്‍പരിചയവും പ്രാവീണ്യവും ഇല്ലാത്ത കമ്പനിയെ ചുമതല ഏല്‍പ്പിച്ചതാണ് മൊബൈല്‍ ആപ്പിന് അനുമതി വൈകിക്കുന്നതെന്നാണു പ്രതിപക്ഷ ആരോപണം.
ബിവറേജസ് കോര്‍പറേഷന്റെ വെര്‍ച്വല്‍ ക്യൂ ആപ് ഗൂഗിള്‍ സാങ്കേതിവിദഗ്ധര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍വരുത്തി വീണ്ടും അനുതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. അന്തിമാനുമതി വൈകാതെ ലഭിക്കുമെന്നു ബിവറേജസ് കോര്പറേഷന് അധികൃതര്‍ പറഞ്ഞു.
ഉപയോഗിക്കുന്നവരുടെ ഫോണുകളിലെ വ്യക്തിഗത വിവരങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ ചോരുന്നതു തടയാന്‍ കഴിയുന്ന വിധത്തില്‍ മാറ്റം വരുത്താനാണു ഗൂഗിള്‍ നിര്‍ദേശിച്ചത്.