പൂച്ചാക്കൽ: തെരുവുനായകളുടെ ആക്രമണത്തിൽനിന്നും കാൽനടയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും രക്ഷിക്കുന്നതിനായി പാലത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. പൂച്ചാക്കൽ പുതിയ പാലത്തിലാണു പളളിപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന വേൾഡ് തിങ്കേഴ്സ് ഫോറം എന്ന സംഘടന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. ’സൂക്ഷിക്കുക പാലത്തിൽ പട്ടി കുറുകെ ചാടും’ എന്നാണ് ബോർഡിൽ എഴുതിവെച്ചിരിക്കുന്നത്.
പാലത്തിൽ തെരുവുനായ്ക്കൾ ഇരുചക്രവാഹനങ്ങളുടെ മുന്നിലേക്കു ചാടി അപകടം സൃഷ്ടിക്കുന്നത് പതിവായതോടെയാണ് ഇങ്ങനെയൊരു ബോർഡ് സ്ഥാപിക്കാൻ സംഘടനയെ പ്രേരിപ്പിച്ചത്. കൂട്ടമായി പാലത്തിൽ കിടക്കുന്ന തെരുവുനായ്ക്കൾ വാഹനങ്ങൾ വരുന്പോൾ മുന്നിലേക്ക് ചാടി വീഴും. സ്വയരക്ഷയ്ക്കായി വാഹനം വെട്ടിക്കുകയോ പെട്ടന്ന് ബ്രേക്ക് ചെയ്യുകയോ ചെയ്യുന്പോഴാണ് അപകടം സംഭവിക്കുന്നത്. തെരുവുനായ്ക്കൾ കൂട്ടത്തോടെയാണ് യാത്രക്കാരെ ആക്രമിക്കുന്നത്.
പൂച്ചാക്കൽ പഴയപാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സ്കൂൾകുട്ടികൾ ഉൾപ്പടെയുള്ള കാൽനട യാത്രക്കാർ ഇപ്പോൾ പുതിയ പാലത്തെയാണ് ആശ്രയിക്കുന്നത്. വളരെ ഭീതിയോടെയാണ് യാത്രക്കാർ പാലത്തിലൂടെ യാത്ര ചെയ്യുന്നത്. കഴിഞ്ഞദിവസം സൈക്കിളിൽ ലോട്ടറി വില്പന നടത്തുന്ന തൈക്കാട്ടുശേരി പഞ്ചായത്ത് നാലാംവാർഡ് ചിറ്റേഴത്തുവീട്ടിൽ പുരുഷോമത്തനാണ് തെരുവുനായകളുടെ ആക്രമണത്തിന്റെ ഒടുവിലത്തെ ഇര.
ആക്രമണത്തെ തുടർന്നു സൈക്കളിൽനിന്നും റോഡിലേക്കു വീണതു മൂലം ഇദ്ദേഹത്തിന്റെ കൈക്കും കാലിനും പരിക്കേറ്റു. പ്രഭാത സവാരിക്കാർ ഇപ്പോൾ നായകളെ ഭയന്ന് ഇതുവഴി സഞ്ചരിക്കാറില്ല. രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം ഉൾപ്പടെയുളള മാലിന്യങ്ങൾ പാലത്തിന്റെ ഇരുവശങ്ങളിലും വളർന്നു നിൽക്കുന്ന കുറ്റിക്കാടുകളിൽ നിക്ഷേപിക്കുന്നതു മൂലമാണ് തെരുവുനായ്ക്കൾ ഇവിടെ കൂട്ടമായി തന്പടിക്കാൻ കാരണം.
ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ തെരുവുനായ വന്ധ്യംകരണത്തിനു ജില്ല മൃഗസംരക്ഷണ ഓഫിസർ നിർവഹണ ഉദ്യോഗസ്ഥനായിട്ടുള്ള പദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ട്. ചേർത്തല മാരാരിക്കുളം വടക്കു പഞ്ചായത്ത് മൃഗാശുപത്രിയിൽ വന്ധ്യംകരണത്തിനായി കേന്ദ്രം തുറന്നിട്ടുണ്ട്. അലഞ്ഞു തിരിയുന്ന നായകളെ പിടികൂടി കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി പരിചരണം നൽകി മൂന്നുദിവസം നിരീക്ഷിച്ചതിനു ശേഷം പിടികൂടിയ പ്രദേശത്ത് കൊണ്ടുവിടുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നായകളുടെ സംരക്ഷണക്കൂട്, ഓപ്പറേഷൻ തിയേറ്റർ, പോസ്റ്റ് ഓപ്പറേഷൻ കെയർ സംവിധാനങ്ങളോടു കുടിയാണ് പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തൊടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കളക്ടർ ഉൾപ്പെടുന്ന കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല. പദ്ധതി വിഹിതമായി ഗ്രാമപഞ്ചായത്തുകൾ രണ്ടുലക്ഷം രൂപയും മുനിസിപ്പാലിറ്റികൾ അഞ്ചുലക്ഷവും ബാക്കി ജില്ലാ പഞ്ചായത്തുകൾ നൽകുന്ന തുകയും കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
നായയെ പിടികൂടുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും കുടുംബശ്രീക്കാരെയും മറ്റു കരാറുകാരെയും ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ജില്ലയുടെ വടക്കു പ്രദേശങ്ങളിൽനിന്നും നായ്ക്കളെ തെക്കുഭാഗത്തുള്ള കേന്ദ്രത്തിൽ എത്തിക്കുന്നത് അത്ര ഏളുപ്പമല്ലെന്നാണ് കരാറുകാർ പറയുന്നത്. അതിനു പരിഹാരം കാണുന്നതിനായി ഓരോ ബ്ലോക്കു പഞ്ചായത്തുകളിലും വന്ധ്യംകരണകേന്ദ്രങ്ങൾ ആരംഭിക്കുവാൽ പദ്ധതിയുണ്ടെന്ന് ജില്ല പഞ്ചായത്ത് ജൂണിയർ സൂപ്രണ്ട് പി. വിനോദ് പറഞ്ഞു.