മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ തീരാന്‍ തീരാന്‍ ഇനി നാലഞ്ചു ദിവസം മാത്രം ശേഷിക്കുമ്പോള്‍ പലരുടെയും വിചാരം ഏപ്രില്‍ 14നു ശേഷം പഴയതു പോലെ ഇറങ്ങി നടക്കാമെന്നാണ്.
എന്നാല്‍ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാക്കുകള്‍ ധ്വനിപ്പിക്കുന്നത് ലോക്ക് ഡൗണ്‍ നീട്ടുമെന്നു തന്നെയാണ്.
വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായുംജില്ലാ മജിസ്ട്രേറ്റുമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍, ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് എടുത്തുമാറ്റുന്നതിനോട് അവരെല്ലാവരും എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്.
ലോക്ക്ഡൗണ്‍ നീക്കുന്നത് സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ലോക്ക്ഡൗണ്‍ ആവശ്യമാണെന്നാണ് കോണ്‍ഫറന്‍സില്‍ ഉയര്‍ന്നുവന്ന പൊതുവികാരം.
ഇത്തരം നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നേക്കുമെന്നാണ് മോദി നല്കുന്ന സൂചന.
ഒരു പക്ഷെ ഒരു ദേശീയ അടിയന്തരാവസ്ഥയായിരിക്കും വരാന്‍ പോകുന്നത്.
എന്നാല്‍ രോഗത്തെ വരുതിയിലാക്കിയ കേരളത്തിന് പ്രത്യേക ഇളവുകള്‍ കിട്ടുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട്.
എന്നിരുന്നാലും സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കാനുള്ള സാധ്യതയുണ്ട്.
കേരളത്തില്‍ ഏറെക്കുറി സ്ഥിതിഗതികള്‍ ആശ്വാസകരമാണെങ്കിലും അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമെല്ലാം കാര്യങ്ങള്‍ കൈവിട്ടു പോകുകയാണ്.
പല അന്താരാഷ്ട്ര വിദഗ്ദരും ഈ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെതിരാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, വിവിധ രാഷ്ട്രീയ നേതാക്കളും നിയന്ത്രണങ്ങള്‍ നീക്കുവാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത് എന്ന അഭിപ്രായക്കാരാണെന്നും പറഞ്ഞു.
പ്രതിപക്ഷ കക്ഷികള്‍, ലോക്ക്ഡൗണ്‍ നീക്കം ചെയ്യണമോ എന്ന കാര്യം പൂര്‍ണ്ണമായും സര്‍ക്കാരിന്റെ തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്.
കഴിഞ്ഞ കുറേ ആഴ്ച്ചകളായി പ്രധാനമന്ത്രി വിവിധ രാഷ്ട്രീയ നേതാക്കളുമായി സംവേദിക്കുകയും കൊറോണക്കെതിരെ ഒരു ദേശീയ പ്രതിരോധ കെട്ടിപ്പടുക്കുവാന്‍ ശ്രമിക്കുകയുമാണ്.
ഇതിന്റെ ഭാഗമായിട്ടായിരുന്നു മുഖ്യമന്ത്രിമാരും ജില്ലാ മജിസ്ട്രേറ്റുമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ്.
മീറ്റിംഗില്‍ മിക്ക മുഖ്യമന്ത്രിമാരും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുവാന്‍ സമയമായിട്ടില്ല എന്ന അഭിപ്രായക്കാരായിരുന്നു.
കേരളം വളരെ വിശദമായ ഒരു രൂപരേഖയാണ് മീറ്റിംഗില്‍ സമര്‍പ്പിച്ചത്. ഗതാഗത സംവിധാനം വലിയ രീതിയില്‍ തുറന്നു കൊടുക്കാതിരിക്കുന്നതുള്‍പ്പടെ ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ നീക്കുന്നതായിരുന്നു പദ്ധതി.
ലോക്ക്ഡൗണ്‍ തുടരുമെന്ന് ഗോവ ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് തിരുത്തി, കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം പോകുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി.
സാമ്പത്തികസ്ഥിതി മാത്രം നോക്കി ജനങ്ങളുടെ ജീവന് പണയപ്പെടുത്തി ലോക്ക്ഡൗണ്‍ നീക്കുന്നതിനോട് യോജിപ്പില്ലെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് ചര്‍ച്ചയില്‍ പങ്കെടുത്ത രാഷ്ട്രീയനേതാക്കള്‍ എല്ലാവരും യോജിക്കുകയായിരുന്നു.
ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ലോക്ക്ഡൗണ്‍ നീട്ടുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചു എന്നാണ് വിവരം.