കോഴിക്കോട് : മുനമ്പം മനുഷ്യക്കടത്തിന്റെ പശ്ചാത്തലത്തില്‍ ബേപ്പൂര്‍ തുറമുഖത്ത് സുരക്ഷ വര്‍ധിപ്പിച്ചു. തുറമുഖത്തു നിന്നും യാത്രതിരിക്കുന്നവരെ കര്‍ശനമായ പരിശോധനയ്ക്കു ശേഷമാണ് കടത്തിവിടുന്നത്. സാധാരണയായി യാത്രക്കാരുടെ വിവരങ്ങള്‍ എമിഗ്രേഷന്‍ വിഭാഗം പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറുകയും പോര്‍ട്ട് ക്ലിയറന്‍സ് പരിശോധന നടത്തിയശേഷം യാത്ര അനുവദിക്കുകയുമാണ് ചെയ്യുന്നത്. മുനമ്പം മനുഷ്യകടത്തിന്റെ പശ്ചാത്തലത്തില്‍ ക്ലിയറന്‍സ് പരിശോധനാ സമയം ഇപ്പോള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്.
ഉരു മാര്‍ഗം യാത്രപോവുന്നവരുടെ ക്ലിയറന്‍സ് പരിശോധന സമയത്തിലാണ് മാറ്റംവരുത്തിയത്. രാവിലെ എട്ടിനും വൈകിട്ടും ആറിനും ഇടയില്‍ മാത്രമേ ഇനി ക്ലിയറന്‍സ് പരിശോധന നടത്തുകയുള്ളൂവെന്നും മാറ്റം കഴിഞ്ഞ ദിവസം മുതല്‍ നടപ്പിലാക്കിയതായും പോര്‍ട്ട് ഓഫീസര്‍ അശ്വിന്പ്രതാപ് “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. നേരത്തെ അതിരാവിലെയും ക്ലിയറന്‍സ് പരിശോധന നടത്താറുണ്ടായിരുന്നു.
ദിവസേന അഞ്ച് യാത്രായാനങ്ങള്‍ വരെ ബേപ്പൂര്‍ തുറമുഖത്ത് നിന്ന് യാത്ര പുറപ്പെടുന്നുണ്ട്. യാത്രക്കാരുടെ എല്ലാരേഖകളും വിശദമായി പരിശോധിച്ചുറപ്പാക്കിയ ശേഷമാണ് അയയ്ക്കുന്നത്. ഇനിയും പരിശോധന കര്‍ശനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്ത് പരിശോധന ശക്തമാക്കിയതോടെ മനുഷ്യകടത്തിന് കേരള തീരം തെരഞ്ഞെടുത്തിരുന്ന തമിഴ്നാട് സംഘങ്ങള്‍ ബോട്ടുകളുടെ നിര്‍മാണം ബേപ്പൂരിലേക്ക് മാറ്റിയിട്ടുണ്ടെന്ന ചില അഭ്യൂഹം ഉയര്‍ന്നിരുന്നു. നിശ്ചിത അളവിലും കൂടുതല്‍ വലുപ്പത്തിലും ദീര്‍ഘയാത്രയ്ക്ക് കഴിയും വിധം ചട്ടവിരുദ്ധമായി ബോട്ട് നിര്‍മിച്ചുനല്‍കുന്ന സംഘങ്ങളില്പെട്ടവരില് ചിലര്‍ ബേപ്പൂരിലേക്കും മറ്റും ചേക്കോറാനുള്ള സാധ്യതയുണ്ടെന്നാണ് സംശയിക്കുന്നത്.
ഇത്തരത്തില്‍ ബോട്ടുകള്‍ നിര്‍മിച്ചു നല്‍കുന്നവരെ കുറിച്ച് പോലീസും നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ സംശയകരമായ സംഭവങ്ങള്‍ ബേപ്പൂരില്‍ ഉണ്ടായിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തീരദേശപോലീസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് .