കെ.ഭരത്
കോഴിക്കോട്: സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങള്‍ക്കായി മാരിടൈം ബോര്‍ഡ് നിലവില്‍വരുന്നതോടെ തുറമുഖവകുപ്പിലെ സ്ഥിരം ജീവനക്കാര്‍ ആശങ്കയില്‍ . ബോര്‍ഡ് നിലവില്‍ വരുമ്പോള്‍ തീരദേശ സുരക്ഷാ ഉള്‍പ്പെടെയുള്ള എല്ലാ തുറമുഖങ്ങളുടെയും പ്രവര്‍ത്തനം മാരിടൈം ബോര്‍ഡിനു കീഴിലാകും.
ഇതോടെ തുറമുഖ വകുപ്പിന്റെയും മാരിടൈം സൊസൈറ്റിയുടെയും മാരിടൈം വികസന കോര്‍പറേഷന്റെയും നിലവിലുള്ള ആസ്തികളും ബോര്‍ഡിനു കീഴിലാകും. നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്ന സ്ഥിരം ജീവനക്കാര്‍ ബോര്‍ഡിന് കീഴിലേക്ക് വരുമ്പോള്‍ അവര്‍ക്ക് ലഭിച്ച് കൊണ്ടിരുന്ന ആനുകൂല്യങ്ങളും പെന്‍ഷനും മറ്റും പ്രതിസന്ധിയിലാകുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
തുറമുഖ വകുപ്പിലെ സര്‍ക്കാര്‍ ജീവനക്കാരായിരുന്ന ഉദ്യോഗസ്ഥരെ ബോര്‍ഡിനു കീഴിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കപ്പെടുമെന്നും കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ക്കാര്‍ അനുഭവിക്കുന്ന പ്രതിസന്ധി തുറമുഖ വകുപ്പിലെ ജീവനക്കാര്‍ക്ക് ഉണ്ടാകുമെന്നും കേരള എന്‍ജിഒ അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
എച്ച്ആര്എന്സി ഡിപ്പാട്ട്മെന്റ് മലബാര്‍ ദേവസ്വം ബോര്‍ഡായി മാറ്റിയപ്പോള്‍ നിലവില്‍ ഉണ്ടായിരുന്ന ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി നിലനിര്‍ത്തിയിരുന്നു. ഇതേ പോലെ നിലവില്‍ തുറമുഖ വകുപ്പില്‍ ജോലിചെയ്യുന്നവരെ സര്ക്കാാര് ജീവനക്കാരായി നിലനിര്‍ത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി തുടങ്ങി മറ്റ് അധികൃതര്‍ക്കും ജീവനക്കാര്‍ നിവേദനം നല്‍കിയിരുന്നു.
ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കാമെന്ന് പറയുകയല്ലാതെ ഇതുമായി ബന്ധപ്പെട്ട് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടുന്നതിനായി ഇന്ന് തിരുവനന്തപുരത്തെ പോര്‍ട്ട് ഡയറക്ടറേറ്റ് ഓഫീസിലേയ്ക്ക് എന്‍ജിഒ അസോസിയേഷന്റെആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
2016 ഏപ്രില്‍ മുതല്‍ ബേപ്പൂര്‍ തുറമുഖത്ത് ഓവര്‍ടൈം അലവന്‍സ് കുടിശിക ആയി കിടക്കുകയാണെന്നും ജീവനക്കാരുടെ അലവന്‍സ് തടഞ്ഞ് വച്ച സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായി സമരവുമായി മുന്നോട്ടുപോകുമെന്നും കേരള എന്‍ജിഒ അസോസിയേഷന് മീഞ്ചന്ത ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി അറിയിച്ചു.