കോട്ടയം: മണർകാട്ട് ചീട്ടുകളി സംഘത്തിനു നേതൃത്വം നല്കിയ ബ്ലേഡ് മാഫിയ തലവൻ മാലം സുരേഷിനെ ഉടൻ പോലീസ് പിടികൂടണമെന്ന് ബ്ലേഡ് മാഫിയ വിരുദ്ധ സമിതി ആവശ്യപ്പെട്ടു.
ഇയാളുടെ നേതൃത്വത്തിലാണ് മണർകാട്ട് ക്രൗണ്‍ ക്ലബിൽ ചീട്ടുകളി സംഘം പ്രവർത്തിച്ചിരുന്നതെന്നും നാട്ടുകാർക്കും പ്രദേശവാസികൾക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്്ടിച്ചിരുന്നതെന്നും ബ്ലേഡ് മാഫിയ വിരുദ്ധ സമിതി കുറ്റപ്പെടുത്തി.
ചീട്ടുകളി പിടികൂടിയ സംഭവത്തിൽ ക്ലബ് ഭാരവാഹികൾക്കെതിരെ കേസെടുക്കുമെന്ന് മണർകാട് പോലീസും അറിയിച്ചിട്ടുണ്ട്. ക്ലബിന്റെ ചീട്ടുകളിക്കിടയിൽ പണയം വച്ചിരുന്ന കാറുകൾ ചീട്ടുകളി കേന്ദ്രത്തിനു നേതൃത്വം നല്കുന്നവർ മറിച്ചുവിറ്റതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ചീട്ടുകളിക്കിടയിൽ പണം നഷ്്ടമാകുന്നവരാണ് കാറുകളും സ്വർണാഭരണങ്ങളും പണയം വച്ചിരുന്നത്. ഇത്തരത്തിൽ പണയത്തിൽ എടുത്തിരുന്ന കാറുകളാണ് സംഘം വില്പന നടത്തിയിരുന്നത്.
ചീട്ടുകളി കേന്ദ്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ ദൃശ്യങ്ങളും ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ളവയും പോലീസ് പിടിച്ചെടുത്ത് പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ഗുണ്ടാ ആക്ട് പ്രകാരം നടപടി നേരിട്ട മാലം സുരേഷിനെതിരേ കാപ്പ ആക്്ട് പ്രകാരം നടപടി സ്വീകരിക്കുക, മണർകാട് പള്ളി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിയവാഴ്ച നടപ്പിലാക്കി സമാധാനം പുനസ്ഥാപിക്കുക, രാഷ്്ട്രീയ പാർട്ടികൾ ഇയാളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുക, ക്ലബിന്റെ ഭാരവാഹികളെക്കുറിച്ചു പോലീസ് കൃത്യമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ബ്ലേഡ് മാഫിയ വിരുദ്ധ സമിതി ക്രൗണ്‍ ക്ലബിനു മുന്നിൽ ഇന്നലെ പ്രതിഷേധ ധർണ നടത്തി.
ഐഎൻടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം കുഞ്ഞ് ഇല്ലന്പള്ളി ധർണ ഉദ്ഘാടനം ചെയ്തു. ബ്ലേഡ് മാഫിയ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ജി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
ഒ.ഡി. കുര്യാക്കോസ്, സണ്ണി മാത്യു, ടി.എം. മാത്യു തെങ്ങുംതുരുത്തേൽ, ബിനോയ് വർഗീസ്, സിബി മാത്യു, ചെറിയാൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.