ബുലന്ദ്ഷഹർ: വിവാഹം കഴിഞ്ഞ് പത്താം ദിവസം ഭർത്താവ് യുവതിയെ വെടിവച്ചു കൊലപ്പെടുത്തി. ഭർത്താവ് ആവശ്യപ്പെട്ട 15 ലക്ഷം രൂപ സ്ത്രീധനം ഭാര്യാവീട്ടുകാർ നൽകിയില്ലെന്ന് ആരോപിച്ചാണ് പിങ്കി എന്ന യുവതിയെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വ്യവസായിയായ യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടുപോയ വഴി ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാൾ പോലീസിനെ ഫോണ്‍ ചെയ്ത് താനും ഭാര്യയും കൊള്ളയടിക്കപ്പെട്ടെന്നും ഭാര്യയെ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയെന്നും അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ പോലീസ്, സംശയത്തെ തുടർന്ന് ഭർത്താവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി സ്വദേശിയായ പിങ്കിയെ പത്തു ദിവസം മുന്‍പാണ് ഇയാൾ വിവാഹം ചെയ്തത്. വിവാഹത്തിനായി തങ്ങൾ 20 ലക്ഷം രൂപ ചെലവഴിച്ചിരുന്നെന്നും വിവാഹത്തിനു പിന്നാലെ പിങ്കിയുടെ ഭർത്താവ് 15 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നെന്നും പിങ്കിയുടെ മാതാപിതാക്കൾ പോലീസിനോടു പറഞ്ഞു. പിങ്കിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറി.