നീണ്ട ശരീരവും വലിയ പല്ലുകളുമൊക്കെയായി നിലത്തുകൂടെ ഇഴഞ്ഞു നടക്കുന്ന മുതലകളെ മനുഷ്യർക്ക് പൊതുവെ ഭയമാണ്. തക്കം കിട്ടിയാൽ മനുഷ്യരെ ഉപദ്രവിക്കാൻ മടിയില്ലാത്ത മുതലകളുമുണ്ട്. എന്നാൽ മനുഷ്യരും മുതലകളും ഒരുമിച്ച് വസിക്കുന്ന ഒരു പ്രദേശം ഗുജറാത്തിലുണ്ട്.
സബർമതി നദിക്കും മഹി നദിക്കുമിടയിലായി 4,000 ചതുരശ്രകിലോമീറ്റർ പടർന്നുകിടക്കുന്ന ചരോറ്റരാണ് ആ സ്ഥലം. ആന്പലും താമരയും വിടർന്നുനിൽക്കുന്ന നിരവധി കുളങ്ങൾ നിറഞ്ഞ 30 ചെറു ഗ്രാമങ്ങൾ ഇവിടെയുണ്ട്.
മഗർ ഇനത്തിൽപ്പെട്ട ഇരുനൂറിലധികം മുതലകളാണ് ഈ കുളങ്ങളിൽ അധിവസിക്കുന്നത്. ഈ മുതലകൾക്കൊപ്പംതന്നെ ഒരു ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് 600 ആളുകൾ വീതവും തിങ്ങിപ്പാർക്കുന്നു. ഇവിടത്തെ ഗ്രാമീണരെ സംബന്ധിച്ചിടത്തോളം ഈ കുളങ്ങൾ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.
കുടിക്കാനും കുളിക്കാനും വസ്ത്രം കഴുകാനും പശുക്കളെ കുളിപ്പിക്കാനുമൊക്കെ അവർ ഈ കുളങ്ങളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കുളങ്ങൾക്കടുത്തായി അധികൃതർ സ്ഥാപിച്ചിരിക്കുന്ന മുതലയുണ്ട് സൂക്ഷിക്കുക എന്ന ബോർഡുകൾ നാട്ടുകാരങ്ങ് കണ്ടില്ലെന്ന് നടിക്കും.
തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്പോൾ കുളങ്ങളിൽ കിടക്കുന്ന മുതലകളെ പരമാവധി ശല്യപ്പെടുത്താതെ നോക്കും. അതുകൊണ്ടുതന്നെ മുതലകളും തിരിച്ച് മനുഷ്യരെ ശല്യപ്പെടുത്താറില്ല. ലോകത്തെ മുതലകളിൽ ഏറ്റവും അപകടം പിടിച്ച വർഗങ്ങളിൽ ഒന്നാണ് മഗർ മുതലകൾ. കഴിഞ്ഞ വർഷം മാത്രം 18 പേരാണ് ലോകത്ത് മഗർ മുതലകളുടെ ആക്രമണത്തിൽകൊല്ലപ്പെട്ടത്.
എന്നാൽ ചരോട്ടറിൽ കഴിഞ്ഞ 30 വർഷത്തിനിടെ വെറും 26 മുതല ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 2009ൽ ഒരു കുട്ടി മരിക്കുകയുണ്ടായി. എട്ട് അപകടങ്ങളിൽ മനുഷ്യർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ബാക്കി 17 ആക്രമണങ്ങളും വളർത്തു മൃഗങ്ങൾക്കു നേരെയായിരുന്നു.