ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ് അതിലെങ്ങാനും തൊട്ടാല്‍..! സ്ഫടികം ഒന്നേയുള്ളു, അത് സംഭവിച്ചു കഴിഞ്ഞു എന്ന നിലപാടില്‍ ഉറച്ച് സംവിധായകന്‍ ഭദ്രന്‍; സ്ഫടികം 2 വിനെതിരെ പ്രതിഷേധം ശക്തം

മലയാള സിനിമാസ്വാദകര്‍ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് സ്വീകരിച്ചിട്ടുള്ള സിനിമയാണ് സ്ഫടികം. എത്ര കണ്ടാലും മതിവരാത്ത, എത്ര ആസ്വദിച്ചാലും പുതുമ നഷ്ടപ്പെടാത്ത സിനിമാ വിസ്മയം എന്നാണ് സ്ഫടികം എന്ന ഭദ്രന്‍ സിനിമയെക്കുറിച്ച് പറയാറുള്ളത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് സംവിധായകന്‍ ഭദ്രനോട് പലപ്പോഴും ആരാധകര്‍ ചോദിച്ചിട്ടുണ്ടെങ്കിലും, സ്ഫടികം ഒന്നേയുള്ളൂ, അത് സംഭവിച്ചു. ഇനി വേണ്ട എന്നതായിരുന്നു നിലപാട്. എന്നാല്‍ സ്ഫടികം രണ്ടാം ഭാഗം വരുന്നെന്ന വാര്‍ത്തകള്‍ യുവ സംവിധായകന്‍ പ്രഖ്യാപിച്ചതോടെ എതിര്‍പ്പ് അറിയിച്ച് ആരാധകര്‍ രംഗത്തെത്തി. ഇതോടെ സംവിധായകന്‍ ഭദ്രനും തന്റെ നിലപാടറിയിച്ച് രംഗത്തെത്തി.

‘സ്ഫടികം ഒന്നേയുള്ളൂ. അത് സംഭവിച്ചു കഴിഞ്ഞു. മോനേ… ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്, അതിലെങ്ങാനും തൊട്ടാല്‍’ എന്ന സ്ഫടികം പഞ്ച് ഡയലോഗോടെയാണ് തനിക്ക് താല്‍പ്പര്യമില്ലെന്ന് ഭദ്രന്‍ അറിയിച്ചത്.

മലയാളത്തിലെ യുവ സൂപ്പര്‍ താരം നായകനാകുന്ന ചിത്രം ‘യുവേര്‍സ് ലൗ വിംഗ് ലി’ എന്ന ചിത്രത്തിന് ശേഷം ബിജു ജെ കട്ടക്കല്‍ ആണ് സ്ഫടികം 2 തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആട് തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് പുതിയ ചിത്രത്തിലൂടെ പറയുന്നത്.

അതെ സമയം ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നത്. ബിജു ജെ കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്‌ച്ചേര്‍സുമായി ചേര്‍ന്ന് റ്റിന്റു അന്ന കട്ടക്കല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ മോഹന്‍ലാല്‍ ആരാധകര്‍ കടുത്ത വിമര്‍ശനവുമായിട്ടാണ് എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ അനശ്വരമാക്കിയ പഴയെ ആട് തോമയെ രണ്ടാം ഭാഗം എടുത്ത് നശിപ്പിക്കല്ലേയെന്ന് പറഞ്ഞാണ് ആരാധകര്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് കീഴെ കമന്റുകളുമായി രംഗത്ത് വന്നിട്ടുള്ളത്.

Related posts