ആടുതോമയുടെ മകന്‍ ഒരിക്കലും റൗഡിയാകില്ല! ആ സിനിമ മനസിലാക്കാത്തവരാണ് രണ്ടാം ഭാഗം വേണമെന്ന് ആവശ്യപ്പെടുന്നത്; സ്ഫടികം സിനിമയുടെ രണ്ടാഭാഗത്തോട് വിയോജിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ ഭദ്രന്‍

ഏത് തലമുറയില്‍പ്പെട്ട മലയാളിയാണെങ്കിലും തന്റെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്ന സിനിമയാണ് സ്ഫടികം. സ്ഫടികം എന്ന സിനിമയുടെ രണ്ടാം ഭാഗമിറങ്ങുന്നു എന്നത് ഏറെക്കാലമായി കേള്‍ക്കുന്ന ഒരു വാര്‍ത്തയാണ്. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ഭദ്രന്‍ അത് നിഷേധിച്ചിട്ടേയുള്ളൂ.

ഒരു യുവ സംവിധായകന്‍ സ്ഫടികത്തിന് രണ്ടാം ഭാഗം എടുക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെ അടുത്ത നാളുകളില്‍ ആ വാര്‍ത്ത കൂടുതല്‍ ശക്തവുമായി. എന്നാല്‍ സ്ഫടികം എന്ന സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം എടുക്കാന്‍ സാധ്യമല്ലെന്ന് തീര്‍ത്ത് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് ഭദ്രന്‍ ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

സ്ഫടികം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗമില്ല. സ്ഫടികത്തിന്റെ കാതല്‍ മനസ്സിലാവാത്തവരാണ് സിനിമയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് വാദിക്കുന്നത്. ചിത്രം പുറത്തിറങ്ങി രണ്ട് വര്‍ഷത്തിനുശേഷം രണ്ടാം ഭാഗം പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുഡ് നൈറ്റ് മോഹനന്‍ സമീപിച്ചിരുന്നു.

65 ലക്ഷം രൂപയുടെ ബെന്‍സാണ് ഓഫര്‍ ചെയ്തത്. തുണി പറിച്ച് ഇടിയും, കറുപ്പും ചുവപ്പും ഷോര്‍ട്ട്സും, റെയ്ബാന്‍ ഗ്ലാസും വേണമെന്നാണ് പറഞ്ഞത്. ഈ ആവശ്യം കേട്ട് താന്‍ പൊട്ടിച്ചിരിച്ചിട്ടേ ഉള്ളു.

മകന്റെ ലോറിയില്‍ ചെകുത്താന്‍ എന്നെഴുതിയ അപ്പന്‍ മകന്‍ ചെകുത്താന്‍ അല്ല സ്ഫടികമാണെന്ന് തിരിച്ചറിയുന്നതാണ് സിനിമയുടെ കാതല്‍. ആട് തോമയ്ക്ക് ഒരു മകന്‍ ഉണ്ടായി എന്നിരിക്കട്ടെ ഒരു കാരണവശാലും ആ മകന്‍ ഒരു റൗഡി ആവില്ല. തന്റെ അപ്പനില്‍ നിന്ന് താന്‍ പ്രതീക്ഷിച്ചത് തോമ തന്റെ മകന് നല്‍കും. അതുകൊണ്ട് തന്നെ സിനിമയ്ക്ക് ഒരു പാര്‍ട്ട് 2 ഇല്ല. ഭദ്രന്‍ പറഞ്ഞു.

ആട് തോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ എന്ന പേരില്‍ ചിത്രം എടുക്കുമെന്ന് സംവിധായകന്‍ ബിജു.ജെ കട്ടക്കല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ നിലപാടാണ് സ്ഫടികത്തിന്റെ സംവിധായകനുള്ളത്. സ്ഫടികം ഡിജിറ്റലൈസ് ചെയ്ത പ്രിന്റ് വീണ്ടും തീയറ്ററുകളിലെത്തിക്കുമെന്നും ഭദ്രന്‍ പറഞ്ഞിരുന്നു.

Related posts