തയ്യല്‍ക്കാരനായി സിനിമാ ലോകത്തേയ്ക്ക് കടന്നുവന്ന് ചെറുതും തമാശ നിറഞ്ഞതുമായ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ വളര്‍ന്ന് ഇപ്പോള്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേട്ടത്തിലെത്തിയിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. ആളൊരുക്കം എന്ന സിനിമയിലൂടെ ഈ വര്‍ഷത്തെ മികച്ച നടനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തത് ഇന്ദ്രന്‍സിനെയാണ്. ഗൗരവമുള്ള കഥാപാത്രങ്ങളെ ഇന്ദ്രന്‍സ് കൈകാര്യം ചെയ്യാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല.
അവാര്‍ഡ് നേട്ടത്തിനുശേഷവും ഏത് വേദിയില്‍ സംസാരിക്കുമ്പോഴും താന്‍ കടന്നുവന്ന വഴികളെക്കുറിച്ച് ഇന്ദ്രന്‍സ് പരാമര്‍ശിക്കാതെ പോവില്ല. തയ്യല്‍ക്കാരനായുള്ള തന്റെ ജീവിതത്തെ കുറിച്ചാണ് പലപ്പോഴും ഇന്ദ്രന്‍സ് വാചാലനാവാറുള്ളത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ഇന്ദ്രന്‍സ് മനസ്സ് തുറന്നിരുന്നു. പ്രോഗ്രാമിനിടയില്‍ ഇന്ദ്രന്‍സിനെ ഞെട്ടിച്ച് ഒരാള്‍ എത്തി. സംവിധായകന്‍ ഭദ്രനായിരുന്നു അത്.
സംവിധായകനെ സ്‌ക്രീനില്‍ കണ്ടതോടെ ഇന്ദ്രന്‍സിന് സന്തോഷമായി. താനിട്ടിരിക്കുന്ന ഷര്‍ട്ട് 24 വര്‍ഷം മുമ്പ് ഇന്ദ്രന്‍സ് തയ്ച്ച് തന്നതാണെന്ന് ഭദ്രന്‍ പറഞ്ഞു. ഒരു പ്രത്യേക തരം സിംപും മോഡലും കാണിച്ചുകൊടുത്ത് ‘ഇന്ദ്രന്‍സേ, ഇതുപോലെ തയ്ച്ച് തരാമോ’ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ഇന്ദ്രന്‍സ് നമുക്ക് പൊളിക്കാമെന്ന് മറുപടി നല്‍കി’. ഭദ്രന്‍ പറഞ്ഞു.
‘ഞാനിത് സ്മാരകമായി സൂക്ഷിക്കും. ഇന്ദ്രന്‍സ് ആദ്യം പടിച്ച കുലത്തൊഴിലാണിത്. ഈ തൊഴില്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ദ്രന്‍സ് എന്റെയടുത്ത് വരില്ലായിരുന്നു. അതുകൊണ്ട് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആര്‍ക്കെങ്കിലും വേണ്ടി ഒരു ഷര്‍ട്ട് എങ്കിലും തയ്ച്ചുകൊടുക്കുക’. ഭദ്രന്‍ ഇന്ദ്രന്‍സിനെ ഓര്‍മിപ്പിച്ചു.
ഇതുകേട്ടതോടെ ഇന്ദ്രന്‍സിന്റെ കണ്ണുനിറഞ്ഞുകൊണ്ട് പറഞ്ഞു ‘ഞാനിപ്പോഴും തയ്ക്കുന്നുണ്ട്. അന്ന് സാര്‍ എന്നെ റൂമിലേക്ക് വിളിച്ച് വരുത്തി 101 രൂപ തന്നു. ഇപ്പോഴും ആ ഷര്‍ട്ട് സൂക്ഷിച്ചുവച്ചിരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷമായി.
ഷര്‍ട്ട് കണ്ടപ്പോള്‍ ആദ്യം മനസ്സിലായില്ല. ഇപ്പോള്‍ ഈ ടൈപ്പ് ഷര്‍ട്ട് സുലഭമാണ്. അന്ന് അങ്ങനെയായിരുന്നില്ല. സര്‍ എവിടുന്നോ കണ്ടിട്ട് പറഞ്ഞു തന്നതാണ്. ഞാന്‍ അതുപോലെ തയ്ച്ചു. ഇപ്പോഴും എനിക്കുള്ള ഷര്‍ട്ട് തയ്ക്കാറുണ്ട്. കുഞ്ഞുങ്ങള്‍ക്കുള്ളത് തയ്ച്ച് അവര്‍ക്കിട്ട് കാണുമ്പോള്‍ ഒരു രസമാണ്’. നിഷ്‌കളങ്കമായ ചിരിയോടെ ഇന്ദ്രന്‍സ് പറഞ്ഞുനിര്‍ത്തുന്നു.