കൊച്ചി: എളംകുളത്ത് നേപ്പാൾ സ്വദേശിനിയായ ഭാഗീരഥി ഥാമിയെ കൊലപ്പെടുത്തിയ കേസിൽ നേപ്പാൾ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെന്നു സംശയിക്കുന്ന റാം ബഹാദൂർ ബിസ്തിനായി ചോദ്യാവലി തയാറാക്കി കൊച്ചി സിറ്റി പോലീസ്.
പ്രത്യേക അന്വേഷണ സംഘം തയാറാക്കിയ ചോദ്യാവലി ഉടൻ നേപ്പാൾ പോലീസിന് കൈമാറും. ഈ ചോദ്യാവലി പ്രകാരം നേപ്പാൾ സ്വദേശിയായ റാം ബഹാദൂറിനെ അവിടെ ചോദ്യം ചെയ്ത ശേഷം ആ വിവരങ്ങൾ കൊച്ചി സിറ്റി പോലീസിനു നേപ്പാൾ പോലീസ് കൈമാറുമെന്നു സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
അതിനുശേഷമാകും ചാർജ് ഷീറ്റ് ഇവിടെ ചെയ്യണമോ അതോ നേപ്പാളിൽ തന്നെ ചെയ്ത് ട്രയൽ നടത്തി തീർക്കണോയെന്ന കാര്യത്തിൽ തീരുമാനമാകുവെന്നും അദ്ദേഹം വ്യക്തമാക്കി.
നേപ്പാളുമായി ഇന്ത്യയ്ക്ക് പരസ്പര നിയമസഹായ ഉടന്പടി ഇല്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. ഒക്ടോബർ 23-നാണ് എളംകുളത്തെ ഒറ്റമുറി വീട്ടിൽ ഭാഗീരഥി കൊല്ലപ്പെട്ടത്.
അവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണിയിലും പ്ലാസ്റ്റിക്ക് കവറിലും പൊതിഞ്ഞ് വാടക വീട്ടിൽ ഒളിപ്പിക്കുകയായിരുന്നു.
സംഭവത്തിനുശേഷം നേപ്പാളിലേക്കു കടന്ന റാം ബഹദൂറിനെ കൊച്ചി സിറ്റി പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നേപ്പാൾ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഇയാളെ കൊച്ചിയിൽ എത്തിക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഭഗീരഥിയുടെ മൃതദേഹം സംസ്കരിച്ചു
ഭാഗീരഥി ഥാമിയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെ പുല്ലേപ്പടി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഇവരുടെ ബന്ധുവാണ് കൊച്ചിയിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്.
മൃതദേഹം കൊച്ചിയിൽ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധു നേരത്തെ പോലീസിനെ സമീപിച്ചിരുന്നു. ഇതേതുടർന്ന് കോർപ്പറേഷന്റെ അനുമതി നേടിയാണ് കൊച്ചിയിൽ സംസ്കരിച്ചത്.