കൊച്ചുകുട്ടികള്‍ വരെ സന്തോഷത്തോടെ മുടി ദാനം ചെയ്യുന്നത് കണ്ടപ്പോള്‍ അമ്പത് കഴിഞ്ഞ ഞാനെന്തിന് വിഷമിക്കണം എന്ന് ചിന്തിച്ചു! വലിയ വിപത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ മുടി മുറിച്ച് ഭാഗ്യലക്ഷ്മിയും

ലോക കാന്‍സര്‍ ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനം കാഴ്ച വച്ച് വലിയൊരു മാതൃക നല്‍കിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി. തന്റെ സ്വകാര്യ അഹങ്കാരവും അലങ്കാരവുമായിരുന്ന നീളമുള്ള മുടി കാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്തുകൊണ്ടാണ് ഭാഗ്യലക്ഷ്മി ഇക്കാര്യത്തില്‍ മാതൃകയായിരിക്കുന്നത്.

കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യതിഥിയായി എത്തിയപ്പോഴാണ് തന്റെ മുടിയും ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി ഭാഗ്യലക്ഷ്മി അറിയിച്ചത്. പിന്നീട് മുടി മുറിക്കുകയും ചെയ്തു. ഫേസ്ബുക്കിലൂടെയാണ് താനും ഈ വലിയ വിപത്തിനെതിരെയുള്ള പേരാട്ടത്തിന്റെ ഭാഗമായതായി ഭാഗ്യലക്ഷ്മി അറിയിച്ചത്.

‘ മുടി ദാനം ചെയ്യുന്നതിനെക്കുറിച്ച് മുമ്പ് പലപ്പോഴും പലരോടും അഭിപ്രായം ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ആളുകള്‍ , ചേച്ചിക്ക് മുടിയുള്ളതാണ് നല്ലത്, അതും മുടി അഴിച്ചിടുന്നതാണ് നല്ലത് എന്നെല്ലാം പറയും. അത് കേള്‍ക്കുമ്പോള്‍ മുടി കൊടുക്കാന്‍ തോന്നില്ല. എന്നാല്‍ ഇത്തവണ ആരോടും അഭിപ്രായം ചോദിക്കാതെ തന്നെ മുടി ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കൊച്ചുകുട്ടികള്‍ വരെ സന്തോഷത്തോടെ മുടി കൊടുക്കുന്നത് കണ്ടപ്പോള്‍ അമ്പത് കഴിഞ്ഞ ഞാനെന്തിന് വിഷമിക്കണം എന്ന് കരുതി’. ഭാഗ്യലക്ഷ്മി പറയുന്നു.

Related posts