തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ജനുവരി 17ന് ഗുരുവായൂരില്‍ വച്ചാണ് ഭാഗ്യയുടേയും ശ്രേയസ് മോഹന്റേയും വിവാഹം നടന്നത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി വിവാഹ റിസപ്ഷനുകള്‍ നടന്നിരുന്നു.
ബന്ധുക്കള്‍ക്കും രാഷ്ട്രീയ സുഹൃത്തുക്കള്‍ക്കും വേണ്ടിയുള്ള വിവാഹ റിസപ്ഷന് തിരുവനന്തപുരത്തായിരുന്നു. നിരവധി ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതില്‍ ശ്രദ്ധേയനായ ഒരു അതിഥിയായിരുന്നു നടന് ജഗതി ശ്രീകുമാര്‍.
അപകടത്തിനുശേഷം ഇത്രയധികം ആളുകൾ കൂടുന്ന വിവാഹ ചടങ്ങുകളിലൊന്നും ജഗതി ശ്രീകുമാർ ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹം ദമ്പതികളെ അനുഗ്രഹിക്കുന്ന ചിത്രങ്ങളും വീഡിയോയും വളരേ പെട്ടെന്ന് തന്നെ വൈറലായി. അവശതയിലും സുരേഷ് ഗോപിയുടെ മകളേയും മരുമകനേയും അശിർവദിക്കാൻ താരം നേരിട്ടെത്തിയത് വലിയ വാർത്തയായി. അത്രയധികം ആത്മബന്ധം അവർക്കിടയിൽ നിലനിൽക്കുന്നതിനാലാണ് ജഗതി വിവാഹസത്കാര ചടങ്ങിൽ പങ്കെടുത്തതെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകളുടെ കമന്റുകൾ. കുറച്ച് സമയം സുരേഷ് ഗോപിയുടെ കുടുംബത്തോടൊപ്പം ചെലവഴിച്ചിട്ടാണ് ജഗതി ശ്രീകുമാറും കുടുംബവും മടങ്ങിയത്.
പ്രിയദർശൻ മകൾ കല്യാണി പ്രിയദർശൻ, അഹാന കൃഷ്ണയും കുടുംബവും, ശശി തരൂർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ദിലീപ്, മകൾ മീനാക്ഷി, നാദിർഷ, ജയറാം തുടങ്ങിയ സിനിമാ താരങ്ങളും നിരവധി സീരിയൽ മിനിസ്ക്രീൻ താരങ്ങളും തിരുവനന്തപുരത്തെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു.
അതേസമയം കൊച്ചിയിലെ വിവാഹ റിസപ്ഷന് മമ്മൂട്ടിയും ദുൽഖറും കുടുംബവും, ശ്രീനിവാസനും കുടുംബവും കുഞ്ചാക്കോ ബോബനും കുടുംബവും ഹണി റോസ് തുടങ്ങി ഒട്ടനവധി താരങ്ങൾ പങ്കെടുക്കാൻ എത്തിച്ചേർന്നു.