ബോഡി ഷെയ്മിംഗ്കമന്റ് ചെയ്തയാള്‍ക്ക് ചുട്ടമറുപടിയുമായി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ.
ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ സന്തോഷം പങ്കുവച്ച ഭാഗ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഒരാള്‍ വിദ്വേഷ കമന്റുമായെത്തിയത്.
വണ്ണം കൂടിയവര്‍ക്കു ചേരുന്ന വസ്ത്രമല്ല സാരി എന്നായിരുന്നു കമന്റ്. എന്നാല്‍ ചോദിക്കാതെ പറഞ്ഞ അഭിപ്രായത്തിന് നന്ദി എന്നും ഒരു വിദേശ രാജ്യത്ത് ബിരുദം സ്വീകരിക്കുന്ന ചടങ്ങില്‍ എല്ലാവരും പാശ്ചാത്യ രീതിയുമായി ഇഴുകി ചേരാന്‍ ശ്രമിക്കുമ്പോള്‍ താന്‍ സ്വന്തം നാടിന്റെ സംസ്കാരത്തിനുചേരുന്ന വേഷം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഭാഗ്യ പറഞ്ഞു.
മറ്റുള്ളവരുടെ വസ്ത്രത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നതെന്തിനെന്നും ഭാഗ്യ സുരേഷ് ചോദിക്കുന്നു.
”അഭിനന്ദനങ്ങള്‍, നിങ്ങള്‍ സാരി ഒഴിവാക്കി പാശ്ചാത്യ വേഷം ധരിക്കുന്നതായിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം. സാരിയുടെ പ്രശ്നം എന്താണെന്ന് വച്ചാല്‍ നീളത്തെക്കാള്‍ വണ്ണം കൂടിയവര്‍ക്ക് ചേരുന്ന വസ്ത്രമല്ല സാരി. സാരിയെക്കാള്‍ പാശ്ചാത്യ വേഷമായ പാവാടയും ബ്ലൗസും നിങ്ങളെ കൂടുതല്‍ സ്മാര്‍ട്ടാക്കും’ എന്നായിരുന്നു ഭാഗ്യ സുരേഷിന്റെ പോസ്റ്റിന് ഒരാള്‍ കമന്റ്റ് ചെയ്തത്.’
എന്നാല്‍ ഉടനടി ഭാഗ്യ ഇതിന് മറുപടിയുമായെത്തി. ഭാഗ്യയുടെ മറുപടി ഇങ്ങനെ..ചോദിക്കാതെ തന്നെ നല്കിയ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി.
എന്റെ വീതിയേയും നീളത്തെയും കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങള്‍ ഞാന്‍ ഇനിയും ധരിക്കും.
എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കാന്‍ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്.
എന്റെ കാര്യത്തില്‍ താല്പര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രമിക്കുമല്ലോ.