എടക്കര: പോത്തുകല്ലിലെ ശാന്തിഗ്രാം എന്ന കുടിയേറ്റ ഗ്രാമം ശാന്തിയുടേത് മാത്രമല്ല, ഭാഗ്യത്തിന്റേതുകൂടിയാണ്. സംസ്ഥാന ഭാഗ്യക്കുറിയുടെ കഴിഞ്ഞ ദിവസത്തെ കാരുണ്യ പ്ലസ് ലോട്ടറിയിലെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ശാന്തിഗ്രാമിലെ ചാലിൽ രാധാകൃഷ്ണനു ലഭിച്ചു. നാലുവർഷത്തിനിടയിൽ ഈ ഭാഗ്യഗ്രാമത്തിലേക്ക് എത്തിയ നാലാമത്തെ ബംപറാണ് രാധാകൃഷ്ണന്റേത്.
ശാരീരിക അവശതകൾ മൂലം ജോലിക്കു പോകാനാകാതെ ദുരിതം പേറി ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് രാധാകൃഷ്ണനെ ഭാഗ്യം കടാക്ഷിച്ചത്. നാലു വർഷം മുന്പ് ഓണം ബംപർ സമ്മാനമായി ഒരു കിലോ തങ്കം ശാന്തിഗ്രാമിലെ ഇട്ടേപാടൻ മുഹമ്മദിന് ലഭിച്ചിരുന്നു.
തൊട്ടടുത്ത വർഷം മുഹമ്മദിന്റെ അയൽവാസി എൻ.സി ഉണ്ണിക്ക് ലഭിച്ചത് 70 ലക്ഷം രൂപയുടെ ലോട്ടറി. അടുത്ത വർഷം അപ്പാടയിൽ സന്തോഷിനു ലഭിച്ചത് നിർമൽ ലോട്ടറിയുടെ 70 ലക്ഷം രൂപ. സന്തോഷിന്റെ അയൽവാസിയാണ് ചാലിൽ രാധാകൃഷ്ണൻ.