തുടക്കത്തില്‍ മലയാള സിനിമയില്‍ താരങ്ങളായി തിളങ്ങി ധാരാളം ആരാധകരെ ഉണ്ടാക്കിയെടുത്ത താരങ്ങളാണ് റഹ്മാനും ശങ്കറും. എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയുടെ ഭാവി ഇവരുടെ കൈയ്യിലാണെന്ന് വരെ വിധി എഴുതിയവരുണ്ട്. റഹ്മാന്‍ മമ്മൂട്ടിയ്ക്ക് വെല്ലുവിളിയാകുമെന്ന് പറഞ്ഞു. ശങ്കറിനെ തള്ളിമാറ്റിയാണ് മോഹന്‍ലാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മുന്‍നിരയില്‍ എത്തിയത്. റഹ്മാന്റെയും ശങ്കറിന്റെയും പതനത്തിന് കാരണം മമ്മൂട്ടിയും മോഹന്‍ലാലുമാണെന്ന് വരെ പ്രചരിച്ചിരുന്നു ഒരിടയ്ക്ക്. എന്നാല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായത്തില്‍ ഇരുവരുടെയും തകര്‍ച്ചയ്ക്ക് കാരണം മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല. അങ്ങനെ പറയാനുള്ള കാരണവും ഭാഗ്യലക്ഷ്മി തന്നെ പറയുന്നു.
അതിങ്ങനെയാണ്. സിനിമയിലെ തങ്ങളുടെ ആദ്യ കാലങ്ങളില്‍ മിന്നി നിന്ന താരങ്ങളാണ് റഹ്മാനും ശങ്കറും. എന്നാല്‍ സ്വന്തം കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ശബ്ദം നല്‍കിയിരുന്നില്ല. അതുകൊണ്ടാണ് റഹ്മാനും ശങ്കറിനും ഇന്‍ഡസ്ട്രിയില്‍ വേണ്ട വിധം വിജയം നേടാന്‍ കഴിയാതിരുന്നത് എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. നീണ്ട നാളത്തെ ഇടവേളകള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്നപ്പോള്‍ റഹ്മാന്‍ ആ കുറവ് പരിഹരിച്ചു. ഇപ്പോള്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നത് റഹ്മാന്‍ തന്നെയാണ്. തമിഴിലും സ്വന്തമായി ഡബ്ബ് ചെയ്യാന്‍ റഹ്മാന്‍ ശ്രദ്ധിക്കാറുണ്ട്. എഴുപതുകളുടെ അവസാനത്തില്‍ ശരപഞ്ചരം എന്ന ചിത്രത്തിലൂടെയാണ് ശങ്കറിന്റെ അരങ്ങേറ്റം. എണ്‍പതുകളില്‍ മലയാള സിനിമ ശങ്കറിന്റെ കൈകളിലായിരുന്നു എന്ന് വേണം പറയാന്‍. അന്നത്തെ യൂത്ത് സ്റ്റാര്‍. തുടക്കം മുതലേ മലയാളത്തിന് പുറമെ തമിഴിലും ശങ്കര്‍ സാന്നിധ്യം അറിയിച്ചു. പതിയെ ശങ്കറിന്റെ കരിയറില്‍ കരിനിഴല്‍ വീഴാന്‍ തുടങ്ങി.
ചെയ്യുന്ന ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ അവസരങ്ങള്‍ കുറഞ്ഞു. അതോടെ ചെറിയൊരു ഇടവേള വന്നു. ആ ഗ്യാപ്പില്‍ ചിലര്‍ കയറി വന്നതോടെ ശങ്കറിന് കാലത്തിനൊപ്പം വളരാന്‍ കഴിഞ്ഞില്ല. 2015 ല്‍ റിലീസ് ചെയ്ത ബാലചന്ദ്ര മേനോന്റെ ‘ഞാന്‍ സംവിധാനം ചെയ്യുന്നു’ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. കേരളത്തിലെ യുവത്വത്തിന് ഒരു ഹരമായിട്ടാണ് കൂടെവിടെ എന്ന ചിത്രത്തിലൂടെ റഹ്മാന്റെ അരങ്ങേറ്റം. മമ്മൂട്ടിയ്ക്ക് അക്കാലത്ത് ശക്തമായ വെല്ലുവിളിയായിരുന്നു റഹ്മാന്‍. എണ്‍പതുകളില്‍ റഹ്മാന്റെ എനര്‍ജി മലയാളക്കരയ്ക്ക് ആവേശമായി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും റഹ്മാന്‍ ശ്രദ്ധ കൊടുത്തിരുന്നു. അത് കരിയറിനെ മോശമായി തന്നെ ബാധിച്ചു. മൂന്ന് ഇന്റസ്ട്രയിലും ഒരേ സമയം ശ്രദ്ധ കൊടുത്തതോടെ സിനിമയുടെ മൂല്യം കുറഞ്ഞു വന്നു. തുടര്‍ന്ന് റഹ്മാന്‍ സിനിമാ ലോകത്ത് നിന്ന് വലിയൊരു ഇടവേള എടുത്തു. മമ്മൂട്ടിയ്ക്കൊപ്പം ബ്ലാക്ക്, രാജമാണിക്യം എന്നീ ചിത്രങ്ങള്‍ ചെയ്തുകൊണ്ടാണ് മടങ്ങി വരവ്. രണ്ടാം വരവില്‍ കരിയറില്‍ വളരെ സെലക്ടീവാണ് റഹ്മാന്‍. ഇപ്പോഴും തമിഴകത്ത് നടന് ആരാധകരുണ്ട്. അതുകൊണ്ട് തമിഴ് സിനിമകളും ചെയ്യുന്നു.