സിനിമയ്ക്കകത്തെയും പുറത്തെയും സ്ത്രീ വിരുദ്ധതയ്‌ക്കെതിരെയും മറ്റുചില സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെയും ശക്തമായ നിലപാടുകളെടുത്ത് ശ്രദ്ധേയയായ വ്യക്തിയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേതാവുമായ ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ വീണ്ടും സമൂഹത്തില്‍ അരങ്ങേറുന്ന സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു.
സ്ത്രീകള്‍ക്ക് സമൂഹത്തില്‍, പ്രത്യേകിച്ച്, കേരളത്തില്‍ അര്‍ഹമായ സ്ഥാനവും ബഹുമാനവും കിട്ടുന്നില്ലെന്ന് മാത്രമല്ല, അനാവശ്യമായി അവരെ അധിക്ഷേപിക്കാനും ചൂഷണം ചെയ്യാനുമാണ് ആളുകള്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം പറഞ്ഞത്.
സ്ത്രീയെ മനുഷ്യജീവിയായി പോലും സമൂഹം കണക്കാക്കുന്നില്ലെന്നും സ്ത്രീ സ്ത്രീയായി തന്നെ നിലനില്‍ക്കണം അതിനപ്പുറത്തേക്ക് കടക്കരുതെന്ന ചിന്തയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
സ്ത്രീയെ ഒരു മനുഷ്യനായി പോലും അംഗീകരിക്കാന്‍ സാധിക്കാത്തതിന്റെ ഉദാഹരണമാണ് ഫെമിനിച്ചിയെന്ന അഭിസംബോധന. ആ വാക്ക് ഒരു നിഘണ്ടുവിലുമില്ല. അങ്ങനെയെങ്കില്‍ പുരുഷനെ എന്താണ് വിളിക്കേണ്ടത്? വിധവ എന്ന വാക്ക് സ്ത്രീക്കുണ്ട്. എന്നാല്‍ വൈധവ്യത്തിലൂടെ പോകേണ്ടി വരുന്ന പുരുഷന് ഒരു വാക്കില്ല.
ഈ അവസ്ഥയില്‍ സ്ത്രീയാകട്ടെ പുരുഷനാകട്ടെ ഒരേ മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോകേണ്ടി വരുന്നത്. ഇനിയൊരിക്കലും പുനര്‍ജീവിതത്തിലേക്ക് കടന്നു വരണ്ട എന്ന് സമൂഹം അടിച്ചേല്‍പ്പിക്കുന്ന വാക്കാണത്. അത്പോലെ തന്നെ വേശ്യ, മലയാളത്തില്‍ വേശ്യയ്ക്ക് സമാനമായി പുരുഷന് ഒരു വാക്കില്ല. അതെല്ലാം സ്ത്രീക്ക് വേണ്ടി ഉണ്ടാക്കിയ ചില വാക്കുകളാണ്.
സ്ത്രീ സ്ത്രീയായി തന്നെ ഇരിക്കണം. അതിനപ്പുറത്തേക്ക് നീ വരരുത് എന്ന ചിന്ത പുതിയ തലമുറയില്‍ പോലുമുണ്ട്. ചെറിയ ആണ്‍കുട്ടികളില്‍ പോലും അത്തരം ചിന്തകള്‍ വരുന്നതിന്റെ പ്രധാന കാരണം വീട് തന്നെയാണ്. സമൂഹത്തെക്കാളുപരി വീട്ടില്‍ നിന്നാണ് മക്കളെ പഠിപ്പിക്കേണ്ടത്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും തുല്ല്യരായി കാണണമെന്ന് മക്കളെ പഠിപ്പിക്കേണ്ടതുണ്ട്. ഭാഗ്യ ലക്ഷ്മി പറഞ്ഞു.