തിരുവനന്തപുരം: വിവാദ യു ട്യൂബർ വിജയ് പി. നായരെ താമസസ്ഥലത്ത് കയറി മർദ്ദിച്ച സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യേണ്ടെന്ന് പോലീസ് തീരുമാനിച്ചു.
കേസിൽ വിശദമായ നിയമോപദേശം ലഭിച്ച ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം.
ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്ന് പേർക്കെതിരേ പോലീസ് ചുമത്തിയ വകുപ്പുകൾ സംബന്ധിച്ചാണ് നിയമോപദേശം തേടിയിരിക്കുന്നത്. മോഷണക്കുറ്റം മൂവർക്കെതിരേയും നിലനിൽക്കുമോ എന്നാണ് പോലീസ് വീണ്ടും പരിശോധിക്കുന്നത്.
കേസിൽ മുൻകൂർ ജാമ്യം തേടി ഭാഗ്യലക്ഷ്മിയും കൂട്ടരും സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. സമൂഹത്തിന് തെറ്റായ സന്ദേശം നല്കുമെന്ന കാരണത്താൽ പോലീസ് പ്രതികളുടെ ജാമ്യാപേക്ഷയെ എതിർക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഉടൻ അറസ്റ്റ് വേണ്ടെന്ന നിലപാടിൽ പോലീസ് എത്തിയത്.