സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളികളുടെ വിശദവിവരങ്ങൽ തൊഴിൽ വകുപ്പിനും പോലീസിനും കൈമാറാത്ത ചെറുകിട സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ തൊഴിൽ വകുപ്പ് ഒരുങ്ങുന്നു. സംസ്ഥാനത്ത് ഇതര സംസ്ഥാനക്കാർ ഉൾപെട്ട ക്രിമിനൽ കേസുകൾ വർദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് സർക്കാർ നീക്കം.കണ്ണൂർ ജില്ലയിൽ ഒരു ലക്ഷത്തിലധികം ഇതര സംസ്ഥാനക്കാർ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ കൃത്യമായ കണക്ക് തൊഴിൽവകുപ്പിന്റെയും പോലീസിന്റെയും പക്കലില്ല.
കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനു തൊഴിലും നൈപുണ്യവകുപ്പും ചേർന്ന് നടപ്പാക്കുന്ന ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ കണക്ക് എടുത്താണ് ഇതര സംസ്ഥാനക്കാരുടെ എണ്ണം കണക്കാക്കുന്നത്.
ഇത്തരത്തിൽ 19,000 പേർ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാട്ടിലെയും കേരളത്തിലെയും വിലാസം , തൊഴിൽ ചെയ്യുന്ന സ്ഥാപനം,സ്ഥലം, ഫോൺ നന്പർ, കുടുംബം എന്നിവയെപറ്റി ഹിന്ദിയിലും ഇംഗ്ലീഷിലും തയാറാക്കിയ ഫോറം പൂരിപ്പിച്ച് നൽകണം. എന്നാൽ ബഹുഭൂരിപക്ഷവും ഇത്തരം കാര്യങ്ങൾ കേട്ടതായിപോലും നടിക്കുന്നില്ല. ജില്ലാ തൊഴിൽ വകുപ്പ് ഇതരസംസ്ഥാനക്കാർ താമസിക്കുന്ന പ്രദേശങ്ങളിൽ ചെന്ന് വിവരങ്ങൾ ശേഖരിക്കുകയാണ്.
കൂടാതെ എല്ലാ ബുധനാഴ്ചയും ജില്ലാ ലേബർ ഓഫീസിൽ വച്ചും വിവരങ്ങൾ കൈമാറി ആവാസ് ഇൻഷുറൻസ് സ്കീമിൽ അംഗത്വമെടുക്കാവുന്നതാണെന്ന് ലേബർ ഓഫീസർ എ.എൻ. ബേബി കാസ്ട്രോ അറിയിച്ചു.പെരുന്പാവൂരിലെ ജിഷയുടെ കൊലപാതകത്തിൽ ഒഡീഷ സ്വദേശി പിടിയിലായതോടെയാണ് ഇതരസംസ്ഥാനക്കാർക്ക് രജിസ്ട്രേഷൻ സർക്കാർ നിർബന്ധമാക്കിയത്.
ഹോട്ടലുകൾ, മത്സ്യബന്ധനമേഖലകൾ, പാറമടകൾ, പ്ലൈവുഡ് കന്പനികൾ, നിർമാണ മേഖല, പൂഴിവാരൽ തുടങ്ങിയ മേഖലകളിലെല്ലാം ഇതരസംസ്ഥാനക്കാർ കൂടിവരികയാണെന്നാണ് റിപ്പോർട്ട്. കുറഞ്ഞ് 300 രൂപ ദിവസകൂലി കൊടുത്താൽ മതിയെന്നതിലാണ് ഉടമകൾ ഇവർക്ക് മുൻഗണന നൽകുന്നത്. ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലും ഇതരസംസ്ഥാനക്കാർ വർധിച്ചുവരികയാണ്.
പഞ്ചായത്തുകളിൽപോലും ഇവരുടെ യഥാർഥ കണക്ക് ലഭ്യമല്ല. മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളെ നാട്ടിൽ എത്തിച്ചാൽ ജില്ലാ തൊഴിൽ വകുപ്പിനോ ലോക്കൽ പോലീസ് സ്റ്റേഷനിലോ വിശദമായ വിവരങ്ങളും തിരിച്ചറിയിൽ രേഖകളും കരാറുകാരും തൊഴിലുടമകളും നൽകണമെന്നാണ് നിയമം. എന്നാൽ ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല ഇതരസംസ്ഥാനക്കാർ പ്രതികളാകുന്ന കേസുകളിൽ വൻ വർധനവും ഉണ്ടാകുന്നു.
ഈ സാഹചര്യത്തിലാണ് നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ തീരുമാനിച്ചത്. പോലീസിനും തൊഴിൽ വകുപ്പും സംയുക്തമായി പരിശോധന നടത്തിയാകും നടപടി സ്വീകരിക്കുക. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കും തൊഴിൽ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.
പശ്ചിമ ബംഗാൾ, ആസാം, ബീഹാർ, ഉത്തർപ്രദേശ്, ഒഡീഷ, തമിഴ്നാട്, രാജസ്ഥാൻ എന്നിവിടങ്ങളിലുള്ള തൊഴിലാളികളാണ് പ്രധാനമായും ഇവിടെയുള്ളത്. പശ്ചിമ ബംഗാളിൽനിന്നുള്ള തൊഴിലാളികൾക്ക് ഇടയിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരും ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കൊലപാതകം,മോഷണം,കഞ്ചാവ്,നിരോധിത പാൻ ഉൽപന്നങ്ങൾ കടത്തൽ,വഞ്ചന തുടങ്ങി ജില്ലയിൽ നിരവധി കേസുകളിൽ ഇവർ പ്രതികളാണ്.