ചണ്ഡീഗഡ്: ഹരിയാനയിലെ ജിന്ദ് ജില്ലയിൽ കനാൽ വൃത്തിയാക്കലിനിടെ 11 മൃതദേഹങ്ങൾ ലഭിച്ചു. ഇവിടുത്തെ ഭക്രാനംഗൽ കനാലിലാണ് സംഭവം. മൃതദേഹങ്ങൾക്കു പുറമേ നാല് തലയോട്ടികളും ലഭിച്ചിട്ടുണ്ട്. വാർഷിക കനാൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
മൃതദേഹങ്ങൾക്ക് ഒന്നു മുതൽ പത്തുമാസം വരെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. ഗാർഹി, നിർവാണ മേഖലകളിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. 11 മൃതദേഹങ്ങളിൽ മൂന്നെണ്ണം സ്ത്രീകളുടേതാണെന്നാണ് പോലീസ് പറയുന്നത്. ഇതിലൊന്ന് പഞ്ചാബിലെ സാംമ്ന സ്വദേശി സത്നാം സിംഗാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പഞ്ചാബിൽനിന്ന് ഹരിയാനയിലേക്ക് കനാൽ പ്രവേശിക്കുന്ന സ്ഥലമാണിത്. ശുചീകരണത്തിനായി കനാലിലെ വെള്ളം ഗണ്യമായി കുറച്ചിരുന്നു. ഇതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എങ്ങനെ ഇത്രയധികം മൃതദേഹങ്ങൾ കനാലിലെത്തിയെന്ന കാര്യം വ്യക്തമല്ല. പലപ്പോഴും കുളിക്കുന്നതിനിടെ ആളുകൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൽ ഡിഎൻഎ പരിശോധന നടത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഹിമാചൽപ്രദേശിലേയും പഞ്ചാബിലെയും ഉദ്യോഗസ്ഥരെ മൃതദേഹങ്ങൾ കിട്ടിയ വിവരം അറിയിച്ചിട്ടുണ്ടെന്നും, ഇവിടെ നിന്നു കാണാതായ ആൾക്കാരുടെ വിവരം ശേഖരിച്ച് വരുകയാണെന്നും പോലീസ് അറിയിച്ചു. മൃതദേങ്ങൾ നർവാണയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.