കൊല്ലം: അമൃതാനന്ദമയിയുടെ സന്തത സഹചാരിയായി അമൃതപുരി ആശ്രമത്തില്‍ കഴിഞ്ഞിരുന്ന ഭക്തി എന്ന നായ ഇനിയില്ല. ജനിച്ച നാള് മുതല്‍ അമൃതപുരി ആശ്രമത്തിലുണ്ടായിരുന്ന ഭക്തിക്ക് 10 വയസായിരുന്നു.
അമ്മ ആശ്രമത്തിലുള്ള സമയങ്ങളിലെല്ലാം ഭക്തിയെന്നും തുമ്പനെന്നും പേരുള്ള നായകൾ അമ്മയ്ക്കൊപ്പം ഉണ്ടാവാറുണ്ട്.
തെരുവില്‍ നിന്നും എടുത്തു വളര്‍ത്തിയ നായ്ക്കളാണ് ഇവ. ഗ്രാമത്തിലെ മറ്റു നായ്ക്കള്‍ ആക്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആശ്രമത്തിൽ എടുത്തു വളര്‍ത്തിയതാണ്.
അമ്മയുടെ മുറി ഉള്‍പ്പെടെ എല്ലായിടത്തും അമ്മയോടൊപ്പം ഏതു വേദിയിലും ഭക്തിക്ക് പ്രവേശനമുണ്ടായിരുന്നു.
ആശ്രമത്തിലെ എല്ലാ ചടങ്ങുകളിലും ഭജനയ്ക്കും ധ്യാനത്തിനുമൊക്കെ അമ്മയോടൊപ്പം എപ്പോഴും ഭക്തിയും കൂടെയുണ്ടാവുമായിരുന്നു.
അമ്മയുമായി ഭക്തിയ്ക്ക് സവിശേഷ ബന്ധമാണുണ്ടായിരുന്നത്. അമ്മയോടുള്ള അവളുടെ ഭക്തിയും ആവേശവും ആദരവും സമർപ്പണഭാവവും അമ്മയുടെ ലോകമെമ്പാടുമുള്ള ഭക്തര്‍ക്ക് പ്രചോദനമായിരുന്നു.
ഇന്റര്‍നെറ്റ് വീഡിയോകളിലൂടെയും അമ്മയുടെ ഫോട്ടോഗ്രാഫുകളിലൂടെയും ഭക്തര്‍ക്ക് അവൾ സുപരിചിതയായിരുന്നു.
ആശ്രമത്തിലെ അന്തേവാസികള്‍ക്കു നൽകാറുള്ള എല്ലാ ആദരവുകളോടെയും അമ്മയുടെ സാന്നിധ്യത്തില്‍ ഭക്തിയുടെ അന്ത്യകര്‍മങ്ങള്‍ നടത്തി.