ചാവക്കാട്: വ്യാജ ജീവകാരുണ്യസംഘടനയുടെ പേരിൽ പണപ്പിരിവ് നടത്തിയ രണ്ട ു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.ബ്ലാങ്ങാട് സ്വദേശികളായ നന്പീരകത്ത് ഭക്തവത്സലൻ(50), പൊന്തുവീട്ടിൽ നൗഫർ(44) എന്നിവരെയാണ് ചാവക്കാട് ഇൻസ്പെക്ടർ കെ.ജി.സുരേഷ്, എസ്ഐ. എ.വി.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ഇരുവരും എടക്കഴിയൂർ തെക്കേമദ്രസ പോക്കാക്കില്ലത്ത് മുഹമ്മദലിയുടെ വീട്ടിലെത്തി ജീവകാരുണ്യസംഘടനയുടെ പേരിലുള്ള നോട്ടീസ് നൽകി. രസീത് ബുക്കിൽ പലയിടത്തും തുകയും പേരും എഴുതാതെ കീറിയിരിക്കുന്നത് ശ്രദ്ധയിൽപെട്ട മുഹമ്മദാലി ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പണം നല്കാത്തവരുടെ രസീതാണ് അതെന്നായിരുന്നു പ്രതികളുടെ മറുപടി. മറുപടി പറയുന്പോൾ പ്രതികൾ പതറുന്നതു കണ്ട ് സംശയം തോന്നിയ മുഹമ്മദാലി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
രോഗത്താലും ദാരിദ്ര്യത്താലും കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായിട്ടാണ് സംഘടന പ്രവർത്തിക്കുന്നതെന്നാണ് ഇവരുടെ നോട്ടീസിൽ പറയുന്നത്. എറണാകുളം ഇടപ്പള്ളി അഭയം ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയുടെ പേരിലാണ് നോട്ടീസ്. ഇ -മെയിൽ അഡ്രസും ഫേസ്ബുക്ക് പേജും ഫോണ് നന്പറും സംഘടനയുടെ പ്രവർത്തനങ്ങളും വിവരിച്ച് ആരെയും വിശ്വസിപ്പിക്കുന്ന രീതിയിലാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ ഒരു സംഘടനയില്ലെന്നു വ്യക്തമായതിനെതുടർന്ന് ഇരുവരെയും അറസ്റ്റു ചെയ്തു. പിരിച്ചുകിട്ടുന്ന പണം മദ്യപിക്കാനാണ് ഇവർ ഉപയോഗിക്കുന്നതെന്നു പോലീസ് പറഞ്ഞു. പണം പിരിച്ച നാല് രസീത് ബുക്കുകൾ ഇവരിൽനിന്ന് പോലീസ് കണ്ടെടുത്തു. പിടിയിലായ ഭക്തവൽസലനെ രേഖകളില്ലാത്ത കാർ മദ്യപിച്ച് ഓടിച്ചതിനു നേരത്ത പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.