വാശി കേറി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലൂടെ കുതിച്ചു! എന്റെ പോക്ക് കണ്ട് വീട്ടുകാരെല്ലാം പുറകെ; ആത്മവിശ്വാസത്തോടെ ഡ്രൈവ് ചെയ്യാന്‍ പഠിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി നടി ഭാമ

മലയാള സിനിമാസ്വാദകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഭാമ. സിനിമ പോലെ തന്നെ ഭാമയുടെ ഇഷ്ടങ്ങളുടെ ലിസ്റ്റില്‍ ഉള്ള ഒന്നാണ് യാത്രകള്‍. അതും പരമാവധി സ്വയം ഡ്രൈവ് ചെയ്തുകൊണ്ട്. എന്നാല്‍ താന്‍ നന്നായി ഡ്രൈവ് ചെയ്യാന്‍ പഠിച്ചത് ഒരു വാശിയുടെ പുറത്താണെന്നാണ് ഭാമ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാമ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികളാണ്. വീട്ടില്‍ വണ്ടി വന്നപ്പോള്‍ എല്ലാവരും ഡ്രൈവിംഗ് പഠിക്കാന്‍ തുടങ്ങി. എന്റെ ചേച്ചിയാണ് എന്നേക്കാള്‍ മുന്നേ പഠിച്ചെടുത്തത്. അതോടെ അവളുടെ ആറ്റിറ്റിയൂഡ് മൊത്തം ചെയ്ഞ്ച് ആയി. ഒരുതരം ആണത്തം വന്നത് പോലെ. ഒരു വാശിപ്പുറത്താണ് ഞാന്‍ ഡ്രൈവിങ് പഠിച്ചത്. ആദ്യം ടൂ വീലറാണ് പഠിച്ചത്. സിനിമയില്‍ സജീവമായപ്പോള്‍ ഫോര്‍വീലര്‍ പഠിക്കേണ്ടത് ആവശ്യമായി വന്നു. ഡ്രൈവിങ് പഠിച്ചെങ്കിലും റോഡിലിറക്കാന്‍ ഭയമായിരുന്നു.

ഒരു ദിവസം രാത്രി ഞാനും കസിന്‍സും ചേര്‍ന്ന് വല്ലാര്‍പ്പാടം പള്ളിയില്‍ പോയി. ബന്ധുക്കള്‍ വലിയ വണ്ടിയിലും ഞാനും കസിന്‍സും കാറിലുമായിരുന്നു. ചേച്ചിയാണ് വണ്ടി ഓടിച്ചത്. റോഡില്‍ തിരക്കില്ല. ഇനി ഞാന്‍ ഡ്രൈവ് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ‘വേണ്ട നിനക്കാവില്ലെ’ന്ന് അനുജത്തി പറഞ്ഞു.

അതെനിക്ക് ഭയങ്കര ഇന്‍സള്‍ട്ടായി. പള്ളിയെത്തി എല്ലാവരും ഇറങ്ങിയപ്പോള്‍ ഞാന്‍ കീ വാങ്ങി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് സീപോര്‍ട് എയര്‍പോര്‍ട്ട് റോഡിലൂടെ കുതിച്ചു. മനസ് നിറയെ വാശിയായിരുന്നു. എന്റെ പോക്ക് കണ്ട് ചേട്ടന്മാരും മറ്റൊരു വണ്ടിയില്‍ എന്നെ പിന്തുടര്‍ന്നു. നല്ല സ്പീഡിലാണ് യാത്രയെന്നറിയാം.

എന്നാലും വാശിപ്പുറത്ത് സ്പീഡ് കുറയ്ക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഇരുവരും ടോള്‍ബൂത്തിനടുത്ത് എത്തിയപ്പോള്‍ ടോള്‍ കൊടുക്കാന്‍ കാശും പേഴ്‌സുമില്ല എന്ന് മനസിലായി. അങ്ങനെ യുടേണ്‍ എടുത്ത് തിരിച്ചു പോന്നു. അതിന് ശേഷമാണ് ഞാന്‍ ധൈര്യത്തോടെ വണ്ടി റോഡിലിറക്കാന്‍ തുടങ്ങിയത്. ആ വാശി നല്ലതായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. അതുകൊണ്ടാണ് ഇപ്പോഴും ഞാന്‍ ഡ്രൈവ് ചെയ്യുന്നത്”. ഭാമ പറയുന്നു.

Related posts